ഇടത് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂറിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. നമ്മുടെ ചിലയാളുകള്‍ കമ്മ്യൂണിസത്തെ വെള്ള പൂശാന്‍ ശ്രമിക്കുകയാണെന്ന് കെ എം ഷാജി പറഞ്ഞു.താത്വിക കമ്മ്യൂണിസം വേറെ, പ്രായോഗിക കമ്മ്യൂണിസം വേറെ എന്നാണ് അവരുടെ വാദം. മതനേതാക്കന്മാര്‍ കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റുകാര്‍ മതത്തേയും വിശദീകരിക്കേണ്ടെന്ന് കെ എം ഷാജി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയട്ടെയെന്നും ഷാജി പറഞ്ഞു. പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നവര്‍ മതത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെ പരിസരത്ത് നിന്നുമാറണം എന്ന് കോടിയേരി പറഞ്ഞതെന്നും ഷാജി കുറ്റപ്പെടുത്തി. എന്നാല്‍ അപ്പോഴും നമ്മുടെ ചിലയാളുകള്‍ അതങ്ങനെയല്ല ഇങ്ങനെയാണെന്നാണ് അഭിപ്രായപ്പെടുന്നതെന്നും പരിഹസിച്ചു.ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ തന്ത്രപരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും ഇടത് സര്‍ക്കാറിനോട് വിദ്വേഷ സമീപനം സ്വീകരിക്കേണ്ടതുമില്ലെന്ന പൂക്കോട്ടൂറിന്റെ പ്രതികരണമാണ് സമസ്ത- ഷാജി പോരിന് വഴിവെച്ചത്. ഒരു ഓണ്‍ലൈന്‍ ചാനലിനോട് സംസാരിക്കവെയായിരുന്നു പൂക്കോട്ടൂരിന്റെ രാഷ്ട്രീയ പ്രസ്താവന.
ആദ്യമായിട്ടാണ് സമസ്ത നേതാവ് ഇടതു സര്‍ക്കാരിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്. നേരത്തെ മുസ്ലിം ലീഗ് കമ്യൂണിസ്റ്റുകാരോട് സഹകരിക്കുന്നത് ഇസ്ലാമില്‍ നിന്നും വിശ്വാസികളെ അകറ്റുമെന്ന് പ്രചരിപ്പിച്ചിരുന്നു. വഖഫ് സമ്മേളനത്തില്‍ കെഎം ഷാജിയാണ് ഇത്തരമൊരു നിലപാട് മുന്നോട്ടുവെച്ചത്. ഈ നിലപാടിനെ പൂര്‍ണമായും തള്ളുന്നതാണ് പൂക്കോട്ടൂരിന്റെ പ്രസ്താവന. വിശ്വാസികളായവര്‍ സിപിഐഎമ്മുമായി സഹകരിക്കുന്നുണ്ടെന്നും പൂക്കോട്ടൂര്‍ വ്യക്തമാക്കുന്നു.'സമസ്ത കേരള സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ദൈവ വിശ്വാസികളുണ്ട് അവരെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. വ്യത്യസ്ഥ സാഹചര്യത്തില്‍ ഇടതിനോടൊപ്പം നില്‍ക്കുന്നവരാണ് അവരൊക്കെ' പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. സമസ്തയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി യാതൊരു തൊട്ടുകൂടായ്മയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.