അങ്കമാലിയില്‍ കെ റെയില്‍ സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വച്ചു


അങ്കമാലി: അങ്കമാലി പുളിനകത്ത് സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ പിഴുതു മാറ്റി റീത്തു വച്ച്‌ പ്രതിഷേധം. ത്രിവേണി പാടശേഖരത്തില്‍ സ്ഥാപിച്ച ആറു കല്ലുകളാണ് രാത്രിയില്‍ പിഴുതുമാറ്റിയത്.

ഇന്നു തന്നെ കല്ലുകള്‍ പുനസ്ഥാപിക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് കേരളത്തിലെ ജനങ്ങളുടെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നും സര്‍വേ കല്ലുകള്‍ പിഴുത നടപടിയെ പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ടെന്നുമാണ് എംഎല്‍എ റോജി എം ജോണ്‍ പറഞ്ഞത്. കേരളത്തില്‍ സ്ഥാപിച്ച മുഴുവന്‍ കല്ലുകള്‍ക്കും കാവല്‍ നില്‍ക്കാന്‍ പൊലീസിന് കഴിയുമോയെന്നും റോജി എം ജോണ്‍ ചോദിച്ചു.
ഇന്നലെയാണ് കെ റെയില്‍ ഉദ്യോഗസ്ഥരെത്തി സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത്. ഇതിനെതിരെ കെ റെയില്‍ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ കല്ലുകള്‍ പിഴുതു മാറ്റുകയായിരുന്നു. പാത കടന്നുപോകുന്നതിന് സമീപത്തുള്ള വിവിധ കവലകളിലാണ് പിഴുതുമാറ്റിയ സര്‍വേ കല്ലുകള്‍ കൊണ്ടുവച്ചിരുന്നത്.

അങ്കമാലിയിലെ ജനങ്ങളെ പൊലീസ് ഭീഷണിപ്പെടുത്തിയിട്ടും അറസ്റ്റു ചെയ്തിട്ടും സ്ഥാപിച്ച കല്ലുകള്‍ക്ക് 24മണിക്കൂറിന്റെ ആയുസുപോലും ഉണ്ടായില്ലെന്നും റോജി എം ജോണ്‍ പറഞ്ഞു. ജനങ്ങളെ വെല്ലുവിളിച്ച്‌ മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് തക്ക മറുപടി നല്‍കിയ ധീരന്‍മാര്‍ക്ക് അഭിവാദ്യങ്ങളെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആരുടേയും അനുവാദം ചോദിക്കാതെയാണ് അവരുടെ വസ്തുവില്‍ കല്ലുകള്‍ സ്ഥാപിച്ചത്. സ്വാഭാവികമായും ജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
أحدث أقدم