കോട്ടയം; 'അവരുടെ അവസ്ഥ എനിക്കറിയാം. അവർ വല്ല കടുംകൈയും ചെയ്യുമോ എന്ന പേടി തനിക്കുണ്ട്.'- കുറവിലങ്ങാട് മഠത്തിലെത്തി പരാതിക്കാരിയായ കന്യാസ്ത്രീയെ കണ്ടശേഷം സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ. ബാബുവിന്റെ വാക്കുകളാണിത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെവിട്ടുകൊണ്ട് വിധി ഇന്നലെയാണ് പുറത്തുവന്നത്. അതിന് പിന്നാലെയാണ് കന്യാസ്ത്രീയുടെ അഭിഭാഷകൻ അഡ്വ. റാൽഫിനൊപ്പം ജിതേഷ് ജെ. ബാബു മഠത്തിലെത്തി അപ്പീൽ നൽകുന്ന കാര്യങ്ങൾ ചർച്ച ചെയ്തു.
'എന്താണ് സംഭവിച്ചതെന്നറിയില്ല. ശിക്ഷ ലഭിക്കുമെന്നുതന്നെയാണ് കരുതിയിരുന്നത്. അപ്രതീക്ഷിത വിധിയാണിത്. കേസിലെ 83 സാക്ഷികളില്‍ 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. കോടതിയുടെ കണ്ടെത്തൽ എന്താണെന്നറിയില്ല. തന്റെ മനസ്സാക്ഷി ആവശ്യപ്പെട്ടതിനാലാണ് മഠത്തിൽ പോയത്' - ജിതേഷ് ജെ. ബാബു പറഞ്ഞു. പരാതിക്കാരിയെ ആശ്വസിപ്പിച്ചെന്നും അപ്പീൽ നൽകാമെന്ന് ഉറപ്പുനൽകി മടങ്ങിയെന്നും ജിതേഷ് കൂട്ടിച്ചേർത്തു.!
ബിഷപ്പ് കുറ്റക്കാരനല്ലെന്നായിരുന്നു വിചാരണ കോടതി വിധി. ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ആണ് വിധി പ്രസ്താവിച്ചത്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധി പ്രസ്താവിച്ചത്. അതിനിടെ നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ പറഞ്ഞു. പണവും സ്വാധീനവുമാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമെന്നും അവർ കൂട്ടിച്ചേർത്തു.