സുരേഷ് ഗോപി എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ പനിക്ക് പുറമെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അദ്ദേഹം അറിയിച്ചു
കഴിഞ്ഞ ദിവസം മമ്മൂട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിബിഐ ഡയറിക്കുറിപ്പ് അഞ്ചാം പതിപ്പിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
പനിയെത്തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡാണെന്ന് കണ്ടെത്തിയത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിബിഐ അഞ്ചിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേസമയം, സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാൽ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി. ഒമിക്രോൺ ബാധിച്ച 17% പേരിൽ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി.
ഡെൽറ്റയെക്കാൾ വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോൺ. കേരളത്തിൽ ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിന്. വിദേശ രാജ്യങ്ങളിൽ അഞ്ച് മുതൽ ആറിരട്ടി വരെ വ്യാപനമുണ്ട്. അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി.