സിപിഐഎം തിരുവനന്തപുരത്ത് സംഘടിപ്പിച്ച മെഗാ തിരുവാതിര ഉണ്ടാക്കിയ വിവാദങ്ങള്‍ ഒടുങ്ങുംമുമ്പേ തൃശ്ശൂരിലും തിരുവാതിരക്കളി. ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. നൂറിലേറെ പേരാണ് തിരുവാതിരക്കളിയില്‍ പങ്കെടുത്തത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. എന്നാല്‍ മാസ്‌കും കൊവിഡ് പ്രോട്ടോക്കോളും പാലിച്ചിരുന്നു എന്നാണ് സിപിഐഎം സംഭവത്തിന് നല്‍കുന്ന വിശദീകരണം.
എന്നാല്‍ കൊവിഡ് കേസുകള്‍ ഉയരുകയും വിവിധ നിയന്ത്രണങ്ങള്‍ നടപ്പാക്കി വരുന്നതിനും ഇടയിലാണ് നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വീണ്ടും തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ തിരുവാതിരക്കളി പോലെ ആളുകള്‍ കൂടുന്ന പരിപാടികള്‍ തല്‍ക്കാലത്തേയ്ക്കു നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ നേതൃത്വം അറിയിച്ചു. 21 മുതല്‍ 23 വരെയാണ് സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ സമ്മേളനം. പാറശാലയിൽ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചതില്‍ വീഴ്ച്ച പറ്റിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാന പരിപാടി തൃശ്ശൂരില്‍ അവതരിപ്പിച്ചത്.