നിർമാണ ജോലിക്കെത്തി ഒടുവിൽ 'ഡോക്ടറായി'; ബംഗാൾ സ്വദേശി അറസ്റ്റിൽ




 
കൊല്ലം : നിർമാണ ജോലിക്കായി എത്തി ഡോക്ടർ ചമഞ്ഞു വർഷങ്ങളായി ചികിത്സ നടത്തിയ ബംഗാൾ സ്വദേശി അറസ്റ്റിൽ. 37കാരനായ കൊൽക്കത്ത സ്വദേശി കമാൽ സർദാറാണ് അറസ്റ്റിലായത്. ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രം പാലത്തിനു സമീപം സ്മൃതി ക്ലിനിക് നടത്തുകയായിരുന്നു ഇയാൾ. പൊലീസും ആരോഗ്യ വകുപ്പും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 

നിർമാണ പ്രവർത്തനത്തിനു കേരളത്തിൽ‌ എത്തിയ ശേഷം കമാൽ ഒരു ആശുപത്രിയിൽ കുറച്ചു നാൾ ജോലി ചെയ്തിരുന്നു. ഇതിനു ശേഷമാണു ഡോക്ടർ ചമഞ്ഞു ചികിത്സ ആരംഭിച്ചത്. ഡോക്ടർ ചമഞ്ഞു ചികിത്സ നടത്തിയതിനു എട്ടു വർഷം മുൻപ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനുശേഷം വീണ്ടും കെട്ടിട നിർമാണമേഖലയിൽ സഹായി ആയി ജോലി ചെയ്തെങ്കിലും പിന്നീട് ചികിത്സ പുനരാരംഭിച്ചു. 

ഏതാനും വർഷം മുൻപാണ് സ്മൃതി ക്ലിനിക് ആരംഭിക്കുന്നത്. അർശസ്സ്, മൂലക്കുരു, ഫിസ്റ്റുല എന്നിവ ശസ്ത്രക്രിയ കൂടാതെ ഭേദമാക്കുമെന്നു പറഞ്ഞാണ് ചികിത്സ. ക്ലിനിക്കിന്റെ പേര്, ഫോൺ നമ്പർ ഉൾപ്പെടെയുള്ള പോസ്റ്റർ വ്യാപകമായി പതിച്ചാണു രോഗികളെ ആകർഷിക്കുന്നത്. ഓയൂർ കേന്ദ്രീകരിച്ചുള്ള സംഘടന ജില്ലാ മെഡിക്കൽ ഓഫിസർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കമാൽ സർദാർ പിടിയിലായത്.

أحدث أقدم