നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ശ്രദ്ധാകേന്ദ്രമാണ് ഉത്തര്‍പ്രദേശ്. അഭിമാനപ്പോരാട്ടമായാണ് ബിജെപിയും പ്രതിപക്ഷമായ എസ്പിയും തെരഞ്ഞെടുപ്പിനെ കാണുന്നത്. പഴയ പ്രതാപം തിരികെപ്പിടിക്കാന്‍ കോണ്‍ഗ്രസും കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ, സംസ്ഥാനത്ത് പുതിയ പല പ്രചാരണ പദ്ധതികളുമായി കളം നിറയുകയാണ് ഭരണകക്ഷിയായ ബിജെപി. ത്രി ഡി ടെക്‌നോളജി ഉപയോഗപ്പെടുത്തിയുള്ള ഡിജിറ്റല്‍ റാലിയാണ് ഇതിലൊന്ന്.
ഒമൈക്രോണ്‍ വ്യാപനം കാരണം വന്‍ നിയന്ത്രണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് ത്രി ഡി റാലിയുമായി ബിജെപി രംഗത്തുവന്നിരിക്കുന്നത്. ഓണ്‍ലൈന്‍ ക്യാമ്പയിനുകള്‍ പ്രോത്സാഹിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ജനുവരി 15വരെ റാലികള്‍ക്കും റോഡ് ഷോകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോരു കടുപ്പിക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം.
കോണ്‍ഗ്രസും ഓണ്‍ലൈന്‍ ക്യാമ്പയിന്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രചരണ മുഖം. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രിയങ്കയുടെ ക്യാമ്പയിന്‍ മുന്നോട്ടുപോകുന്നത്. അയോധ്യയും കൃഷ്ണജന്മഭൂമിയുമാണ് ബിജെപി നിലവില്‍ ഏറ്റവുംകൂടുതല്‍ ഉയര്‍ത്തുന്നത്.
മുഖ്യപ്രതിപക്ഷമായ എസ്പി, മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ വന്‍ റാലികളാണ് സംഘടിപ്പിക്കുന്നത്. അതേസമയം, ഓണ്‍ലൈന്‍ ക്യാമ്പയിനുകളിലേക്ക് എസ്പി വലിയ തോതില്‍ കടന്നിട്ടില്ല.