മണർകാട് ഐരാറ്റുനടയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം



കോട്ടയം : മണർകാട് ഐരാറ്റുനടയിൽ കെ.കെ റോഡില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ലോറിയിൽ ഇടിച്ച് അപകടം. അപകടത്തെ തുടര്‍ന്ന് ലോറി മറിയുകയായിരുന്നു.
ബസ് യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസ് ഇടിച്ചതിനെ തുടര്‍ന്ന് ലോറി മറിഞ്ഞതോടെ കെ.കെ റോഡിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാനിലുണ്ടായിരുന്ന സുരേഷിനെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി ഒൻപതേകാലോടെ മണർകാട് ഐരാറ്റുനടയ്ക്കു സമീപമായിരുന്നു അപകടം.
കോട്ടയം ഭാഗത്തു നിന്നും എരുമേലി ഭാഗത്തേയ്ക്കു പോകുകയായിരുന്ന സ്വകാര്യബസാണ് അപകടത്തിൽപ്പെട്ടത്. മണർകാട് ഐരാറ്റുനടയിലെ അപകട വളവിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ലോഡുമായി എത്തിയ ലോറിയുടെ മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു.
ലോറിയില്‍ ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന സഹായിക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഇയാളെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല. പാലായിൽ നിന്നും പൂവൻതുരുത്തിലേയ്ക്കു കണ്ടെയ്‌നറുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
തുടര്‍ന്ന് ക്രെയിൻ എത്തി വാഹനങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
أحدث أقدم