തൃശൂര്‍: മദ്യപിച്ചോടിച്ച കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ എഎസ്‌ഐയും സംഘവും അറസ്റ്റിലായി.
മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്‌ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയും നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി തൃശ്ശൂര്‍ കണ്ണാറയിലാണ് സംഭവം. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും പ്രശാന്തിനും സംഘത്തിനുമെതിരെ കേസെടുത്തു. ബൈക്ക് യാത്രക്കാരായ യുവാവിനും യുവതിക്കും കാലിന് പരിക്കേറ്റിട്ടുണ്ട്.
കണ്ണാറയിലെ ഒരു വീട്ടിലെ പിറന്നാള്‍ ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു സംഘം. അപകടം നടന്ന് മുന്നോട്ട് പോയ കാര്‍ ഒരു കിലോമീറ്റര്‍ ദൂരെ നിര്‍ത്തി. നാട്ടുകാര്‍ പിന്നാലെയെത്തി പിടികൂടി. ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് എഎസ്‌ഐയും സംഘവും കാര്‍ നിര്‍ത്തിയത്.