വാളയാറിൽ മൂന്നരക്കോടി മൂല്യമുള്ള പതിനൊന്നരക്കിലോ ഹഷിഷ് ഓയിലും രണ്ട് കിലോ കഞ്ചാവും പിടികൂടി. ഹഷിഷുമായി കന്യാകുമാരി സ്വദേശി പ്രമോദ്, കഞ്ചാവുമായി ചാവക്കാട് സ്വദേശി മിഥുൻ ലാലിനെയും എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. സാധാരണ ബസ് യാത്രക്കാരെ പോലെ കൂടിയ അളവിൽ ലഹരി കടത്താനായിരുന്നു ഇരുവരുടെയും ശ്രമം.
വാളയാറിലെ പതിവ് വാഹന പരിശോധന. ബസിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടയുടൻ കന്യാകുമാരി വിളവംകോട് സ്വദേശി പ്രമോദ് ഉറക്കം നടിച്ചു. തട്ടിയുണർത്തി ബാഗ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ മുഷിഞ്ഞ വസ്ത്രങ്ങളെന്ന് മറുപടി. നിർബന്ധിച്ച് തുറന്ന് നോക്കുമ്പോൾ പ്രത്യേകം പൊതികളിലാക്കി സൂക്ഷിച്ചിരുന്ന പതിനൊന്നര കിലോ ഹഷിഷ് ഓയിൽ. കോടികളുടെ മൂല്യം. ആവശ്യക്കാർ ഏറെയുള്ള ലഹരി. എറണാകുളത്ത് എത്തിച്ചാൽ പതിനായിരങ്ങൾ സ്വന്തമാക്കാം. കോയമ്പത്തൂർ - ആലപ്പുഴ കെഎസ് ആർടിസി ബസിൽ സഞ്ചരിച്ചുള്ള ലഹരി കടത്തിന് വാളയാറിൽ കുരുക്ക് വീണു.
വിജയവാഡയിൽ നിന്ന് ശേഖരിക്കുന്ന ഹഷിഷ് ഓയിൽ വൻകിടക്കാർക്ക് നിരവധി തവണ എത്തിച്ച് നൽകിയതായി പ്രമോദ് മൊഴി നൽകി. എറണാകുളത്ത് ഹഷിഷ് ഓയിൽ വാങ്ങുന്നതിനായി കാത്തു നിന്നയാളെ എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങി. ഇതേ ബസിൽ കടത്തി കൊണ്ടു വന്ന രണ്ട് കിലോ കഞ്ചാവുമായി ചാവക്കാട് സ്വദേശി മിഥുൻ ലാലിനെയും എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി.കോയമ്പത്തൂരിൽ നിന്നും ചാവക്കാട് ഭാഗത്തേക്ക് ചില്ലറ വിൽപ്പനക്ക് കൊണ്ടുപോകുന്ന കഞ്ചാവെന്നാണ് മിഥുൻ ലാലിന്റെ മൊഴി.