മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുത്തതിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു.
എം. ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും സ്വർണക്കടത്ത് പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് കാണിക്കുന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു. ഇനി കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് കൂടി മുഖ്യമന്ത്രിയുടെ കീഴിൽ പഴയ ജോലി കൊടുക്കണമെന്നും ചെന്നിത്തല പരിഹസിച്ചു.
ചെന്നിത്തലയുടെ വാർത്താക്കുറിപ്പിങ്ങനെ:
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇപ്പോഴും പ്രതിയാണ്. ലൈഫ് തട്ടിപ്പ് കേസിലാകട്ടെ അന്വേഷണം പൂര്‍ത്തിയിയിട്ടുമില്ല.
അങ്ങനെ പ്രതിയായി നില്‍ക്കുന്ന ഒരാളെയാണ് തിടുക്കത്തില്‍ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങിച്ചിട്ട് സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത്. കോടതി ഈ കേസുകള്‍ പരിഗണിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. കോടതി തീര്‍പ്പ് കല്പിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്.