കന്യാസ്ത്രീയെ ബലാത്സംഘം ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ പാട്ട് കുര്‍ബാന നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പ്രാര്‍ത്ഥനക്ക് ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ടു. സത്യത്തെ സ്‌നേഹിക്കുന്നവര്‍ തന്നോടപ്പമുണ്ടായിരുന്നുവെന്നും ബിഷപ്പ് ഫ്രാങ്കോ പറഞ്ഞു. കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലാണ് ബിഷപ്പ് പാട്ട് കുര്‍ബാന അര്‍പ്പിച്ചത്. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ ലഡു വിതരണം ചെയ്ത് ആഘോഷിച്ച് അനുകൂലികള്‍. ബിഷപ്പ് കുറ്റവിമുക്തനാകുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് തൃശ്ശൂര്‍ മറ്റത്ത് നിന്നുംവന്ന ബന്ധുക്കള്‍ അറിയിച്ചു. കന്യാസ്ത്രീക്ക് വേണ്ടി കളളക്കഥയുണ്ടാക്കുകയായിരുന്നു. കന്യാസ്ത്രീയെ പിരിച്ചുവിട്ടതില്‍ അവരുടെ ബന്ധുക്കള്‍ ഉണ്ടാക്കിയ കളളക്കഥായാണിതെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധു പറഞ്ഞു.
കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്തും ദൈവത്തിന് സ്തുതി എന്ന് പറഞ്ഞുമായിരുന്നു ഫ്രാങ്കോയുടെ അനുകൂലികള്‍ ആഘോഷിച്ചത്. ഇത് കളളക്കേസായിരുന്നുവെന്ന് ഉറപ്പുണ്ടായിരുന്നു. കെട്ടിച്ചമച്ച കേസന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്റെ പ്രതികരണം. അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തമാക്കിയ കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ജലന്തര്‍ രൂപത പത്രക്കുറിപ്പിറക്കി. നാളിതുവരെ അദ്ദേഹത്തിന്റെ നിരപരാധിത്വത്തില്‍ വിശ്വാസിച്ചവര്‍ക്കും അദ്ദേഹത്തിന് വേണ്ട നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ജലന്തര്‍ രൂപത അറിയിച്ചു.