രക്ഷാപ്രവർത്തനം തുടങ്ങി, യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും; 17 മലയാളികളും
 
കീവ്; റഷ്യൻ സൈനിക നടപടിയെ തുടർന്ന് യുക്രൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ഇന്ന് നാട്ടിലേക്ക് തിരിച്ചെത്തിക്കും. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരാണ് ആദ്യ സംഘത്തിലുള്ളത്. ഇന്ന് ഉച്ചയോടെ ഇവർ ഇന്ത്യയിലേക്ക് തിരിച്ചെത്തും. തിരിച്ചെത്തുന്നവരിൽ 17 പേർ മലയാളികളാണ്. രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങളെ ഇന്ന് അയക്കും. 

1500 ഇന്ത്യക്കാര്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തി

ബുക്കോവിനയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളെ ബസ് മാർ​ഗമാണ് റുമാനിയയിൽ എത്തിച്ചത്. 470 വിദ്യാർത്ഥികളെ ഇവിടെ നിന്ന് രണ്ട് വിമാനങ്ങളിലായാവും നാട്ടിലേക്ക് കൊണ്ടുവരിക. യുക്രൈനിൽ നിന്നുള്ള 1500 ഇന്ത്യക്കാര്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തി. ഇവരെ ഇന്ന് ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കാനാണ് ശ്രമം. 

യുക്രെയ്നിലെ വിമാനത്താവളങ്ങൾ അടച്ചതിനാൽ അയൽ രാജ്യങ്ങളിലൂടെ രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം. ഈ സാഹചര്യത്തിൽ നാലുരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ സംസാരിച്ചു. എംബസിയെ ബന്ധപ്പെട്ടാല്‍ അതിര്‍ത്തിയിലത്താനുള്ള എല്ലാ സഹായവും ലഭിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 18,000 പേരാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്. 

രക്ഷാപ്രവർത്തനം ഇങ്ങനെ

നിലവില്‍ യുക്രൈന്റെ കിഴക്ക്, തെക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുള്ളത്. ഇവിടെ നിന്ന് ആളുകളെ റോഡ് മാര്‍ഗം അയല്‍ രാജ്യങ്ങളില്‍ എത്തിക്കും. ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങളില്‍ എത്തിച്ച ശേഷം റൊമേനിയയുടെ തലസ്ഥാനമായ ബുകാറസ്റ്റിലെ വിമാനവത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ് നിലവില്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി റൊമേനിയയില്‍ ക്യാമ്പ് ആരംഭിച്ചു. അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവര്‍ ആദ്യം എത്തണമെന്നാണ് നിര്‍ദേശം. വാഹനത്തില്‍ ഇന്ത്യന്‍ പതാക കെട്ടണം. അവശ്യ ചെലവിന് യുഎസ് ഡോളര്‍ കയ്യില്‍ കരുതണം. ക്രമറ്റോസ്‌ക്, കര്‍കീവ്, ലിവിവ്, കീവ്,ഒഡേസ,ഇവാനോ എന്നിവിടങ്ങളിലാണ് നിലവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുള്ളത്.


Previous Post Next Post