ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് മാതാവ്, പരാതി



 

നെല്ലിക്കുഴി: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിലഞ്ഞി മറ്റത്തില്‍ വീട്ടില്‍ സോമിലി എബിനെ(22) ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഭര്‍ത്താവ് മുളവൂര്‍ പൊന്നിരിക്കപ്പറമ്പ് വെളളത്തിനാനിക്കല്‍ എബിന്‍ ജോണിന്‍റെ വീട്ടിലാണ് ഇന്ന് രാവിലെ എട്ടുമണിക്ക് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  മരണത്തില്‍ ദുരൂഹതയുളളതായി സോമിലിയുടെ മാതാവ് മിനി പോലീസില്‍ പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് നാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഇന്ന് രാവിലെ 11 മണിയോടെയാണ് സോമിലി മരണപ്പെട്ടതായി ഭര്‍തൃവീട്ടുകാര്‍ സോമിലിയുടെ ബന്ധുക്കളെ അറിയിക്കുന്നത്. രണ്ടരവര്‍ഷം മുമ്പായിരുന്നു സോമിലിയുടെയും എബിന്റെയും വിവാഹം നടന്നത്‌. ഇവര്‍ക്ക് ഒന്നരവയസുളള ഒരു കുട്ടിയുമുണ്ട്.

കഴിഞ്ഞ ശനിയാഴ്ച്ച ഭർത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായി സോമിലി മാതാവിനോട് പരാതി പറഞ്ഞിരുന്നു. ഭര്‍തൃവീട്ടുകാരുടെ ഇടപെടലാണ് ഭര്‍ത്താവ് മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് മാതാവിനോട് ഫോണില്‍ പറഞ്ഞിരുന്നത്. വിഷയം രമ്യമായി പരിഹരിക്കാനിരിക്കെയാണ് ഇന്ന് മരണവിവരം അറിയുന്നത്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ കുറ്റിലഞ്ഞി സ്വദേശി മിനിയുടേയും പരേതനായ സോമിയുടേയും മകളാണ് സോമിലി. സഹോദരൻ: ബേസില്‍.

Previous Post Next Post