ബോംബ് എറിഞ്ഞത് സംഘാംഗം; വീണത് സുഹൃത്തിന്റെ തലയില്‍; തലയോട്ടി ചിന്നിച്ചിതറി; കണ്ണൂരില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബ് പൊട്ടി കൊല്ലപ്പെട്ടയാള്‍ ബോംബുമായി വന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍. സംഘം ആദ്യം എറിഞ്ഞ ബോംബ് പൊട്ടാത്തതിനെ തുടര്‍ന്ന് രണ്ടാമതും എറിയുകയായിരുന്നു. അതിനിടെ ബോംബ് സംഘാംഗത്തിന്റെ തലയില്‍ കൊള്ളുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. 26 കാരനായ കണ്ണൂര്‍ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

സ്‌ഫോടനത്തില്‍ ഹേമന്ത്, അരവിന്ദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ഒരു വെളുത്ത നിറത്തിലുള്ള ട്രാവലറില്‍ എത്തിയ 18 അംഗസംഘമായിരുന്നു ആക്രമികള്‍. സംഭവത്തിന് പിന്നാലെ പെട്ടന്ന് തന്നെ അവര്‍ വണ്ടിയില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. നീല പോലുള്ള ഷര്‍ട്ടും മുണ്ടും ആയിരുന്നു എല്ലാവരും ധരിച്ചിരുന്നത്. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നതായും സമീപവാസികള്‍ പറഞ്ഞു. 

തോട്ടടയിലെ കല്ല്യാണവീടിന്റെ സമീപത്താണ് സംഭവമുണ്ടായത്. കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയായിരുന്നു സ്‌ഫോടനം

സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തിട്ടുണ്ട്. ശേനിയാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായിട്ടില്ല.

ഏച്ചൂര്‍ ബാലക്കണ്ടി വീട്ടില്‍ പരേതനായ മോഹനന്‍ശ്യാമള ദമ്പതിമാരുടെ മകനാണ് കൊല്ലപ്പെട്ട ജിഷ്ണു. കെട്ടിടനിര്‍മാണ തൊഴിലാളിയാണ്.

Previous Post Next Post