ഭർത്താവ് മരിച്ചാൽ വിധവ അപരിചിതനുമായി സെക്സിൽ ഏർപ്പെടണം, അശുദ്ധി മാറാൻ വിചിത്രമായ ആചാരവുമായി ഒരു ഗ്രാമം


പടിഞ്ഞാറൻ കെനിയയിലെ ലുവോ ഗോത്രത്തിൽ പെട്ട സ്ത്രീകൾ തലമുറകളായി തങ്ങളുടെ സമൂഹം പിന്തുടരുന്ന ഒരു വിചിത്രമായ ആചാരത്തെ കുടഞ്ഞു കളയാനുള്ള അക്ഷീണമായ പോരാട്ടത്തിലാണ്. ഈ ആചാര പ്രകാരം, ഭർത്താവ് മരിക്കുമ്പോൾ വിധവയാകുന്ന സ്ത്രീകൾക്ക്, ആ സമൂഹത്തിൽ തുടർന്നൊരു സ്വാഭാവിക ജീവിതം സാധ്യമാകണമെങ്കിൽ അന്യനായ ഒരു പുരുഷനുമൊത്ത്, മിക്കപ്പോഴും തീർത്തും അപരിചിതനായ ഒരാളുമൊത്ത് തുടർച്ചയായി മൂന്നു ദിവസം സെക്സിൽ ഏർപ്പെട്ടേ മതിയാവൂ.

ഈ ദുരാചാരം പല ആപത്തുകൾക്കുമുള്ള സാധ്യതയാണ് അവർക്കു മുന്നിൽ തുറന്നിടുന്നത്. ഫലസിദ്ധി ഉറപ്പിക്കണമെങ്കിൽ, ഈ 'ശുദ്ധീകരണ' സെക്സ് യാതൊരു സുരക്ഷാ മുൻകരുതലുകളും കൂടാതെ വേണം ചെയ്യാൻ എന്നൊരു വിശ്വാസം നിലവിലുള്ളതുകൊണ്ടും, ഈ വരുന്ന പുരുഷന്മാർ പലരും കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്നവരാണ് എന്നതുകൊണ്ടും, ഇതിന്റെ ഇരകളാകുന്ന സ്ത്രീകൾക്ക് എയ്ഡ്‌സോ മറ്റുള്ള ഗുഹ്യരോഗങ്ങളോ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.


അതുപോലെ ഇങ്ങനെയുള്ള നിർബന്ധിതരതിയിൽ ഏർപ്പെട്ട ശേഷമുണ്ടാവുന്ന ഗർഭങ്ങൾ സ്ത്രീകളിൽ പലർക്കും ബാധ്യതയാണ്. ഏറ്റവും ഒടുവിലായി, ദീർഘകാലം കൂടെപ്പൊറുത്ത ഭർത്താവ് ഒരു സുപ്രഭാതത്തിൽ മരണപ്പെടുമ്പോൾ ഉണ്ടാകുന്ന ട്രോമയിൽ നിന്ന് മോചിതമാവും മുമ്പാണ് ഈ നിർബന്ധിത ലൈംഗികപീഡനം എന്ന് ഇതേപ്പറ്റി ബിബിസി പ്രസിദ്ധപ്പെടുത്തിയ ഒരു ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്..
ഭർത്താവ് മരിക്കുമ്പോൾ, ഭാര്യയുടെ ദേഹത്തുണ്ടാകുന്ന അയാളുടെ ആത്മാവിന്റെ അശുദ്ധ സാന്നിധ്യത്തിൽ നിന്ന് ഭാര്യയെ മോചിപ്പിക്കാനാണ് ആഭിചാര പരിവേഷത്തോടുള്ള ഈ ചടങ്ങെന്നാണ് ഗോത്രത്തിലെ മൂത്തവരുടെ വാദം. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് വിൻഡോ ക്ലെൻസിംഗിന്.

വീടിനുമുന്നിൽ താൽക്കാലികമായി കെട്ടിപ്പൊക്കുന്ന ഒരു കൂരയിൽ വെറും തറയിൽ, ഈ അപരിചിതനോടൊത്ത് നടത്തപ്പെടുന്ന സെക്സോടെയാണ് ചടങ്ങിന്റെ തുടക്കം. രാത്രിയിൽ നടക്കുന്ന ആദ്യ ലൈംഗിക ബന്ധത്തിന് മുമ്പ് ഒരു കോഴിയെ കൊന്നു കറിവെച്ച് ഈ സ്ത്രീ അയാളെ ഊട്ടണം. നേരം ഇരുട്ടിയ ശേഷം, വസ്ത്രങ്ങൾ തറയിൽ ഉപേക്ഷിച്ചുകൊണ്ട് നടത്തപ്പെടുന്ന സെക്‌സിന് കട്ടിലിൽ രണ്ടാം ഘട്ടമുണ്ടാകും.
പ്രഭാതത്തിൽ തറയിൽ കിടന്ന തഴപ്പായയും ഉരിഞ്ഞിട്ട വസ്ത്രങ്ങളും അടക്കം എല്ലാതും അഗ്നിക്കിരയാക്കണം. അതിനു ശേഷം, ഈ ക്ലെൻസിംഗിന് വന്നെത്തിയ അന്യപുരുഷൻ വിധവയുടെ ദേഹത്തെ സകല രോമ സാന്നിധ്യങ്ങളും ക്ഷൗരം ചെയ്തുകളയും.

ഇങ്ങനെ ഇയാൾക്കൊപ്പം ഈ കൂരയിൽ മൂന്നുദിവസം കഴിച്ചു കൂട്ടിയ ശേഷം, നാലാം ദിവസമേ വിധവയായ സ്ത്രീക്ക് തിരികെ സ്വന്തം വീട്ടിലേക്ക് വരാനാകൂ. ഇത്രയും ചെയ്ത ശേഷം, അതുവരെ ഭർത്താവുമൊത്ത് കഴിഞ്ഞിരുന്ന വീട് കഴുകിയിറക്കിയ ശേഷമാണ് മക്കൾക്ക് പോലും തിരികെ പ്രവേശനമുള്ളത്.
ഇത്രയും ചടങ്ങുകൾ ആചരിക്കാതെ, ഭർത്താവിന്റെ മരണശേഷം മക്കളെ കൂടെപ്പാർപ്പിക്കാൻ ലുവോ ഗോത്രത്തിലെ അമ്മമാർക്ക് ധൈര്യമില്ല. കാരണം, ശുദ്ധിക്രിയ കൂടാതെ തുടർന്ന് ജീവിച്ചാൽ മക്കളെ ദുർമരണം, ആധിവ്യാധികൾ എന്നിവ പിന്തുടർന്ന് വേട്ടയാടുമെന്ന് അവർ ഭയക്കുന്നു.
ലുവോ ഗോത്രത്തിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി ഇങ്ങനെ ഒരു ചടങ്ങുള്ളതുകൊണ്ട്, ജോട്ടർമാർ എന്നറിയപ്പെടുന്ന ഒരു കൂട്ടം പ്രൊഫെഷണൽ ശുദ്ധിക്രിയക്കാരും ഇവർക്കിടയിലുണ്ട്. ആരെങ്കിലും മരിച്ചാലുടൻ ഇവരെത്തിറക്കി ആളെത്തും. പിന്നെ, മരിച്ച വീട്ടിലേക്ക് ചെല്ലുക, അവിടെ ചടങ്ങു തീരുവോളം സുഭിക്ഷമായി കഴിച്ചുകൂട്ടുക. ആചാരങ്ങൾ പൂർത്തിയാക്കി മടങ്ങി വരിക.

ഇങ്ങനെ ഒരു മരണവീട്ടിലെത്തി വിധവയോടൊത്ത് മൂന്നുനാൾ രതിയിൽ ഏർപ്പെട്ട അവരെ ശുദ്ധീകരിക്കുന്നതിന് നാനൂറു ഡോളർ വരെ പ്രതിഫലമായി കൈപ്പറ്റുന്ന പ്രൊഫെഷണൽ ആഭിചാരവിദഗ്ധരും അവിടെയുണ്ട്. ഇങ്ങനെ നാട്ടിലെ ഏറ്റവും വിദഗ്ധരായ ശുദ്ധിക്രിയക്കാരെ സമയത്തിന് കൊണ്ടെത്തിച്ചു നൽകി അതിൽ നിന്ന് കമ്മീഷൻ പറ്റി ജീവിക്കുന്ന ഒരു കൂട്ടം ബ്രോക്കർമാർ പോലും അവിടെയുണ്ട്. തലമുറകളായി പുരുഷാധിപത്യത്തിൽ പുലരുന്ന ഒരു സമൂഹമാണ് ലുവോ ഗോത്രം.

അവിടെ മുതിർന്ന പുരുഷന്മാർ പറയുന്നതാണ് അവസാനവാക്ക്. ആ ശാസനങ്ങൾക്കെതിരെ മറുത്തൊരക്ഷരം പറഞ്ഞാൽ അത് കൊടിയ അപരാധമായി കണക്കാക്കപ്പെടുമെങ്കിലും, വർഷങ്ങളായി തുടരുന്ന ഈ ഈ ദുരാചാരത്തിൽ സഹികെട്ട് ഒടുവിൽ അതിനെതിരെ സംഘടിച്ച് ശബ്ദമുയർത്തുകയാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി ലുവോ ഗോത്രത്തിലെ ചില സ്ത്രീകളെങ്കിലും.
Previous Post Next Post