കാറില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ്; കേന്ദ്രം കരട് മാര്‍ഗരേഖ ഇറക്കുന്നു
ഡല്‍ഹി: പിന്‍സീറ്റില്‍ നടുക്കിരിക്കുന്നവര്‍ക്കുള്‍പ്പെടെ കാറിലെ മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള 'ത്രീ പോയന്റ് സേഫ്റ്റി' സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹനനിര്‍മാതാക്കളോട് നിര്‍ദേശിക്കാനൊരുങ്ങി കേന്ദ്രര ഗതാഗതമന്ത്രാലയം. 

ഇതുസംബന്ധിച്ച കരടുമാര്‍ഗരേഖ ഈ മാസം പുറത്തിറക്കും.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒട്ടുമിക്ക കാറുകളിലും മുന്നിലിരിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്ന രണ്ടുപേര്‍ക്കും മാത്രമാണ് വൈ ആകൃതിയിലുള്ള 'ത്രീ പോയന്റ് സേഫ്റ്റി' സീറ്റ് ബെല്‍റ്റ് ഇപ്പോഴുള്ളത്. 
ചുരുക്കം ചില വാഹനനിര്‍മാതാക്കളാണ് നടുവിലെ സീറ്റിലും ഇതു പിടിപ്പിക്കുന്നത്. ചില കാറുകളില്‍ ലാപ് ബെല്‍റ്റ് അല്ലെങ്കില്‍ വയറിനുമുകളിലൂടെ ധരിക്കുന്ന ബെല്‍റ്റുകളാണ് പിന്നിലിരിക്കുന്നവര്‍ക്കായി നല്‍കുന്നത്.
പിന്നിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും കുറ്റകരവുമല്ല. പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ പിന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയേക്കും. 

എട്ടുപേര്‍ക്കു സഞ്ചരിക്കാവുന്ന കാറില്‍ ആറു എയര്‍ ബാഗ് എങ്കിലും നിര്‍ബന്ധമായുണ്ടാകണമെന്ന് 
ജനുവരി 14-ന് മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു; ഒക്ടോബര്‍ ഒന്നുമുതല്‍ ഈ നിയമം നിലവില്‍വരും.
Previous Post Next Post