2021ന് ശേഷം 60 വയസ് തികഞ്ഞ 10,115 കർഷകർക്ക് കൂടി ചെറുകിട – നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000/- രൂപ പെൻഷൻ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2,225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6,201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഏഴ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും. അത്തോളി സ്വദേശി ബഷീര്‍ വി, അഷറഫ്, കിണാശേരി സ്വദേശി ജബ്ബാര്‍ വി വി, തിരുവങ്ങൂര്‍ സ്വദേശി വിനോദ് കെ എന്നിവരുടെ ആശ്രിതര്‍ക്കാണ് ധനസഹായം നല്‍കുന്നത്. കൂടാതെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ ജലീല്‍ കെ പി എന്ന ആളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മലപ്പുറം ഏറനാട് സ്വദേശി ഡാനിഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കും. തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയില്‍ മണല്‍ മൂടിയത് കാരണം മത്സ്യബന്ധത്തിന് പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടത്തിന് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നിരക്ക് പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കും. 2433 മത്സ്യത്തൊഴിലാളികള്‍ക്ക് 91 ദിവസത്തെ തൊഴില്‍ നഷ്ടത്തിനാണ് നഷ്ടപരിഹാരം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നേരത്തെ അനുവദിച്ച തുകയില്‍ ഫിഷറീസ് ഡയറക്ടറുടെ ടി എസ്സ് ബി അക്കൗണ്ടില്‍ ശേഷിക്കുന്ന 6.6497 കോടി രൂപ കൂടാതെ 1,29,86,677 കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നഷ്ടപരിഹാരം നല്‍കുന്നതിനായി അനുവദിക്കും.