മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട, 1.8 കോടി പിടിച്ചെടുത്തു, 3 പേര്‍ അറസ്റ്റിൽ



മലപ്പുറം: മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി ഒരു കോടി എട്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

 പെരിന്തല്‍മണ്ണയില്‍ നിന്നും 90 ലക്ഷം രൂപയും മലപ്പുറത്ത് നിന്നും18 ലക്ഷം രൂപയുമാണ് പിടികൂടിയത്.
പെരിന്തല്‍മണ്ണയില്‍ വല്ലപ്പുഴ സ്വദേശികളായ കൊടിയില്‍ ഫൈസലും മണല്‍പള്ളി നിസാറുമാണ് പണം കടത്തുന്നതിനിടെ അറസ്റ്റിലായത്.

 മലപ്പുറത്ത് 18 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കൂട്ടിലങ്ങാടിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കാറില്‍ കൊണ്ടുവരികയായിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യ അറയുണ്ടാക്കിയാണ് കാറില്‍ പണം ഒളിപ്പിച്ചിരുന്നത്. പണം കൊണ്ടുവന്ന പാലക്കാട് സ്വദേശി നിലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറത്ത് അടുത്തിടെ കുഴല്‍പ്പണമിടപാട് വീണ്ടും വ്യാപകമായിട്ടുണ്ട്. ഒരു മാസത്തിനിടെ മലപ്പുറത്തുനിന്നും പിടിച്ചെടുത്തത് പന്ത്രണ്ട് കോടി രൂപയാണ്. ഇന്നലെയും പെരിന്തല്‍മണ്ണയില്‍ നിന്നും കുഴല്‍പ്പണം പിടികൂടിയിരുന്നു. ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 45 ലക്ഷം രൂപയാണ്  പൊലീസ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഴല്‍പണ ഇടപാടുകാരെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

أحدث أقدم