യുഎസ് ഡാലസിൽ റേഹബാർഡിലെ തടാകത്തിൽ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ 2 മലയാളികൾ മുങ്ങിമരിച്ചു






സന്ദീപ് എം സോമൻ
ന്യൂസ് ബ്യൂറോ സിംഗപ്പൂർ

ഡാലസ് : യുഎസ് ഡാലസിൽ റേഹബാർഡിലെ തടാകത്തിൽ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ 2 മലയാളികൾ മുങ്ങി മരിച്ചു. കടവ് ജംക്‌ഷനു സമീപം താനുവേലിൽ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത് ഡാലസിൽ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിയായ തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. ഇന്ത്യൻ സമയം തിങ്കൾ വൈകിട്ടായിരുന്നു അപകടം. ബിജു ഡാലസിൽ വിനോദ സഞ്ചാര, റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നു.

ബിജു ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടയിൽ തകരാറിലായ ബോട്ട് നന്നാക്കാൻ വെള്ളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നു. ഇതു കണ്ട് രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണു തോമസ് അപകടത്തിൽപെട്ടത്.

ബിജുവിന്റെ ഏക സഹോദരി ബിന്ദുവും ഡാലസിലാണ് താമസമാണ്. ബിജുവിന്റെ മാതാപിതാക്കളായ ഏബ്രഹാമും വൽസമ്മയും ഇവർക്കൊപ്പമാണ് താമസം. അടുത്ത മാസം രാമമംഗലത്ത് എത്തുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ: രാമമംഗലം പുല്യാട്ടുകുഴിയിൽ സവിത ഡാലസിൽ നഴ്സാണ്. മക്കൾ: ഡിലൻ, എയ്ഡൻ, റയാൻ.


Previous Post Next Post