ബോംബെറിഞ്ഞ് യുവാവിൻ്റെ കാൽ തകർത്ത സംഘത്തിലെ 4 പേർ പിടിയിൽ




തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് യുവാവിനെ ബോംബെറിഞ്ഞ് കാല്‍ തകര്‍ത്ത സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു.ആക്രമണം നടത്തിയ അഖില്‍, രാഹുല്‍ , ജോഷി, അജിത് എന്നിവരാണ് പിടിയിലായത്. ശേഷിക്കുന്നവരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്. 

ലഹരി വില്‍പ്പനക്കാരനും നിരവധി കേസുകളിലെ പ്രതിയുമായ അജിത് ലിയോണ്‍ എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. തുമ്ബ സ്വദേശിയായ രാജന്‍ ക്ലീറ്റസിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇയാളുടെ വലതുകാല്‍ ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു.

ഇന്നലെ രാത്രി ഏഴരയോടെയാണ് ആക്രമണം നടന്നത്. റോഡുവക്കില്‍ സുഹൃത്തുക്കളുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെയാണ് ആക്രമി സംഘം ക്ലീറ്റസിനും കൂട്ടുകാ‌ര്‍ക്കുമെതിരെ ബോംബെറിഞ്ഞത്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ക്ലീറ്റസ് അപകടാവസ്ഥ തരണം ചെയ്തുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

ക്ലീറ്റസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അജിത് നേരത്തേ സോഷ്യല്‍ മീഡിയയില്‍ ഭീഷണി മുഴക്കിയിരുന്നുവെന്നും ഇത് പൊലീസ് കാര്യമാക്കാത്തതാണ് ഇപ്പോഴത്തെ ആക്രമണത്തിന് ഇടയാക്കിയതെന്നുമാണ് നാട്ടുകാരില്‍ ചിലരുടെ ആരോപണം.


أحدث أقدم