ന്യൂഡല്‍ഹി ▪️ ഇന്ത്യക്കാരന്റെ ഇന്ധനം വാങ്ങല്‍ ശേഷി അയല്‍ രാജ്യങ്ങളെക്കാള്‍ ബഹുദൂരം പിന്നില്‍. കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനക്കൊള്ള ഇന്ത്യന്‍ ജനതയുടെ നടുവൊടിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.
രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില ദിനംതോറും വര്‍ധിപ്പിക്കുമ്പോള്‍ ഓരോ പൗരനെയും ദുരിതം കാര്‍ന്നുതിന്നുകയാണ്. ഇന്ത്യക്കാരന്റെ പ്രതിദിന വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവാക്കുന്നത് ഇന്ധനം വാങ്ങാനാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ നല്‍കുന്ന സൂചന.
ജോലിക്ക് പോകാന്‍ വണ്ടിയില്‍ പെട്രോള്‍ അടിച്ചിരുന്ന ഇന്ത്യക്കാരന്‍ ഇന്ന് പെട്രോള്‍ അടിക്കാനാണ് ജോലിക്ക് പോകുന്നത്. പെട്രോള്‍ അടിക്കാന്‍ ഇന്ത്യന്‍ ജനത ചെലവാക്കുന്നത് പ്രതിദിന വരുമാനത്തിന്റെ 23.5 ശതമാനമാണ്. ഡീസലിന് ചെലവാക്കുന്നത് 21 ശതമാനവും. വികസ്വര രാജ്യങ്ങളായ സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും ചൈനയിലുമൊക്കെ പത്ത് ശതമാനത്തില്‍ താഴെ മാത്രം ചെലവിടുമ്പോള്‍ ഞെട്ടിപ്പിക്കുന്നതാണ് ഇന്ത്യന്‍ അന്തരം.