അയർക്കുന്നം അമയന്നൂരിൽ പാസ്റ്ററെ വീടിന് സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പ്രാർത്ഥനയ്ക്കായി നടന്ന് പോയ പാസ്റ്റർ ദുരൂഹത ആരോപിച്ച് നാട്ടുകാർ


കോട്ടയം : അയർക്കുന്നം അമയന്നൂരിൽ പാസ്റ്ററെ വീടിന് സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം അമയന്നൂർ നല്ലു വീട്ടിൽ എൻ.കെ മോഹനനെ (64 ) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. വീട്ടിൽ നിന്നും പ്രാർത്ഥനയ്ക്കായി പുറത്തേക്ക് പോയ പോയ മോഹനൻ തിരികെ വരാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിനു 500 മീറ്റർ അകലെയായി വാഴത്തോട്ടം ഭാഗത്ത് മൃതദ്ദേഹം കണ്ടെത്തിയത്. 

വായിൽ നിന്നും നുരയും പതയും വന്ന് രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കളും പൊലീസും സ്ഥലത്തെത്തിയത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. 

മൃതദേഹം കണ്ടെത്തിയ പ്രദേശം കഞ്ചാവ് മാഫിയ സംഘത്തിന്റെ താവളമാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ സ്ഥലത്ത് കഞ്ചാവ് മാഫിയ സജീവമാണ്. ഈ സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Previous Post Next Post