കോട്ടയം: ഒരു കാലഘട്ടത്തില്‍ മലയാളികളുടെ വായനാശീലം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മംഗളം വാരിക ഓമ്ര്‍മയാകുന്നു. മലയാള ജനപ്രിയ സാഹിത്യത്തില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടായിരുന്ന വാരിക അച്ചടി നിര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
1969 ല്‍ മംഗളം വര്‍ഗീസ് (എം. സി. വര്‍ഗീസ്) ആരംഭിച്ച വാരിക ഒരു കാലത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയായിരുന്നു. 1985 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയെന്ന റെക്കോര്‍ഡും മംഗളം സ്വന്തമാക്കിയിരുന്നു. ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ ഇന്നേവരെ ഒരു വാരികക്കും കഴിഞ്ഞിട്ടില്ല.
പുതിയ എഴുത്തുകാരെ അണി നിരത്തിക്കൊണ്ട് നൂറുക്കണക്കിന് ജനപ്രിയ നോവലുകളാണ് മംഗളത്തിലൂടെ വെളിച്ചം കണ്ടത്. സാധാരണ മനുഷ്യരുടെ വായനാശീലത്തെ ഇത്ര കണ്ട് സ്വാധീനിച്ച വാരികകള്‍ ഇന്ത്യയില്‍ അധികമില്ലെന്ന് തന്നെ പറയാം. സാധാണക്കാരായ ജനലക്ഷങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതില്‍ മംഗളം വാരിക വഹിച്ച പങ്ക് ചരിത്രപരമാണ്.
സ്ത്രീധനമില്ലാത്ത സമൂഹവിവാഹം, വായനക്കാരുടെ ക്യാന്‍സര്‍ വാര്‍ഡ്, ഭവനരഹിതര്‍ക്ക് വീടുകള്‍ എന്നിങ്ങനെ ഒട്ടനവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മംഗളം വാരികയായിരുന്നു.
എന്നാല്‍, കുറച്ചു നാളുകളായി തകര്‍ച്ചയുടെ പാതയിലായിരുന്നു വാരിക. കോവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റ് വില കുതിച്ചുയര്‍ന്നതുമാണ് തിരിച്ചടിയായത്. എന്നാല്‍ ഈ കാലത്തും വില 10 രൂപ മാത്രമായിരുന്നു. വില ഉയര്‍ത്തിയാല്‍ ചെറിയ രീതിയിലെങ്കിലും പിടിച്ചു നില്‍ക്കാനാകുമായിരുന്നുവെന്ന പ്രതിക്ഷയിലായിരുന്നു മാനേജ്‌മെന്റ്. എന്നാല്‍, ഈ രംഗത്തുള്ള മറ്റു പ്രസിദ്ധീകരണങ്ങള്‍ വില വര്‍ദ്ധിപ്പിക്കാതിരുന്നതോടെ ആ തിരുമാനത്തില്‍ നിന്നും മാനേജ്‌മെന്റ് പിന്‍മാറിയതായാണ് അറിയുന്നത്.
മംഗളത്തിന്റെ വിടവാങ്ങലോടെ മലയാള ജനപ്രിയ സാഹിത്യ ചരിത്രത്തിലെ വലിയൊരുധ്യായമാണ് ഓര്‍മ്മയാകുന്നത്.