ഹിമാചലിലും നിലയുറപ്പിക്കാൻ കെജരിവാളിന്റെ റോഡ് ഷോ; രണ്ട് ദിവസം കഴിഞ്ഞപ്പോൾ എഎപി സംസ്ഥാന അധ്യക്ഷൻ ബിജെപിയിൽ




ഷിംല: പഞ്ചാബിന് പിന്നാലെ ഹിമാചൽ പ്രദേശിലും സാന്നിധ്യം ശക്തമാക്കാൻ ഒരുങ്ങുന്ന എഎപിക്ക് കനത്ത തിരിച്ചടി. ഹിമാചല്‍ എഎപി സംസ്ഥാന അധ്യക്ഷനടക്കം മൂന്ന് നിർണായക നേതാക്കൾ ബിജെപിയില്‍ ചേര്‍ന്നു. 

സംസ്ഥാനത്ത് വേരോട്ടം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തിയിരുന്നു. മണ്ടിയിൽ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെയാണ് പാർട്ടിക്ക് തിരിച്ചടി നല്‍കി സംസ്ഥാന അധ്യക്ഷന്‍ അനൂപ് കേസരി, ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി സതീഷ് ഠാക്കൂര്‍, ഉന ജില്ലാ പ്രസിഡന്റ് ഇക്ബാല്‍ സിങ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടേയും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റേയും സാന്നിധ്യത്തിലാണ് മൂവരും ബിജെപിയിൽ ചേർന്നത്. ഡല്‍ഹിയിലെത്തിയാണ് നേതാക്കൾ അം​ഗത്വം സ്വീകരിച്ചത്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ 68 സീറ്റിലും ഇത്തവണ മത്സരിക്കാന്‍ എഎപി തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കനത്ത തിരിച്ചടി നേരിട്ടത്.
Previous Post Next Post