50 ലേറെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; മുന്‍ അധ്യാപകന്‍ കെ വി ശശികുമാര്‍ പിടിയില്‍

കെ വി ശശികുമാര്‍/ ടെലിവിഷന്‍ ദൃശ്യം
 

മലപ്പുറം: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ അധ്യാപകന്‍ പിടിയില്‍. മലപ്പുറം നഗരസഭയിലെ സിപിഎം മുന്‍ കൗണ്‍സിലര്‍ കൂടിയായ കെ വി ശശികുമാര്‍ ആണ് പിടിയിലായത്. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ ശശികുമാറിനെ പിടികൂടാത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

സെന്റ് ജമാസ് സ്‌കൂളിലെ മുൻ അധ്യാപകനാണ് ശശികുമാർ. കഴിഞ്ഞ മൂന്നു ടേമായി സിപിഎമ്മിന്റെ മലപ്പുറം നഗരസഭയിലെ കൗൺസിലറായിരുന്നു ഇയാൾ. മാര്‍ച്ചിലാണ് ശശികുമാര്‍ സ്കൂളില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതിനു ശേഷം അധ്യാപകൻ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന് പിന്നാലെയാണ് പീഡന പരാതികൾ ഉയർന്നുവന്നത്.

അധ്യാപകനായിരുന്ന 30 വർഷത്തിനിടെ സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയർന്നത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്. മലപ്പുറം വനിതാ സ്റ്റേഷനിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് ശശികുമാർ ഒളിവിൽ പോയത്. 

അറുപതോളം വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്ന് സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ പറയുന്നു. 2019ല്‍ സ്കൂള്‍ അധികൃതരോട് ചില വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. എന്നാൽ മാനേജ്മെന്റിന്റെ ഭാ​ഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ ആരോപിച്ചു.


Previous Post Next Post