കുരങ്ങുപനി; ഐസൊലേഷന്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പ്രഖ്യാപിച്ച് യുഎഇ


യുഎഇ : 
കുരങ്ങുപനി; ഐസൊലേഷന്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: രാജ്യത്ത് മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെ സുരക്ഷാ, പ്രതിരോധ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം. മങ്കിപോക്‌സ് ഉള്‍പ്പെടെയുള്ള വൈറസുകളെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുള്ള പരിശോധനാ സംവിധാനങ്ങള്‍ വ്യാപകമാക്കി അവയുടെ വ്യാപനം തടയാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

സമ്പര്‍ക്ക രോഗികള്‍ക്ക് 21 ദിവസത്തെ ക്വാറന്റൈന്‍

അതോടൊപ്പം രോഗം ബാധിച്ചവര്‍ക്കും അവരുമായി സമ്പര്‍ക്കും പുലര്‍ത്തിയവര്‍ക്കുമുള്ള ഐസൊലേഷന്‍, ക്വാറന്റൈന്‍ വ്യവസ്ഥകളും ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം ബാധിച്ചവര്‍ അത് പൂര്‍ണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയില്‍ കഴിയണം.

കുരങ്ങുപനി ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ചുരുങ്ങിയത് 21 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍മതി. സമ്പര്‍ക്കത്തില്‍ പെട്ടവര്‍ ഹോം ഐസൊലേഷന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവരുടെ ആരോഗ്യനില ആരോഗ്യ വകുപ്പ് അധികൃതര്‍ നല്ല രീതിയില്‍ നിരീക്ഷിക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

പനി, ക്ഷീണം, തളര്‍ച്ച, ശരീരവേദന, തലവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പനി അനുഭവപ്പെട്ട് ഒരാഴ്ച കഴിയുന്നതോടെ മുഖത്തും കൈകളിലും മറ്റും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. സാധാരണ രണ്ടോ നാലോ ആഴ്ചകള്‍ക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും ചില കേസുകളില്‍ ഇത് മാരകമാകാറുമുണ്ട്. കുട്ടികളെയാണ് രോഗം വലിയ തോതില്‍ ബാധിക്കുന്നത്.

രോഗം പകരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?

രോഗ ബാധിതരില്‍ നിന്ന് ശരീര ദ്രവത്തിലൂടെയും ശ്വാസത്തിലെ ഡ്രോപ്ലെറ്റുകളിലൂടെയും അവര്‍ ഉപയോഗിച്ച വസ്തുക്കളിലൂടെയും മറ്റുമാണ് പ്രധാനമായും കുരങ്ങുപനി മറ്റൊരാളിലേക്ക് പരക്കുന്നത്. മൃഗങ്ങളില്‍ നിന്ന് പരക്കുന്ന രോഗമായതിനാല്‍ അവയുമായുള്ള അടുത്ത സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. രോഗം പകരുന്നത് തടയാന്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുക, ഭക്ഷണം നന്നായി വേവിച്ച് കഴിക്കുക, രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കേസുകള്‍

അതേസമയം, കുരങ്ങുപനിയുടെ കാര്യത്തില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗ വ്യാപനം തടയുന്നതിനുള്ള ശക്തമായ സംവിധാനങ്ങള്‍ അധികൃതര്‍ കൈക്കൊണ്ടിട്ടുണ്ട്. രോഗ വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. മെയ് 24നാണ് യുഎഇയില്‍ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചത്. മെയ് 29ന് മൂന്ന് പുതിയ കേസുകള്‍ കൂടി രാജ്യത്ത് കണ്ടെത്തിയിരുന്നു.
Previous Post Next Post