ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരുടെ കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്ത ശേഷം കുഞ്ഞിൻ്റെ സ്വർണ്ണവള അടിച്ച് മാറ്റി യുവതി കടന്നു കളഞ്ഞത് ഇന്ന് രാവിലെ 10 മണിക്ക്; അടിച്ച് മാറ്റിയ സ്വർണ്ണം പണയം വെച്ച ശേഷം 11 മണിയോടു കൂടി ഒന്നരവയസുള്ള കുഞ്ഞുമായി സീബ്രാലൈൻ ക്രോസ് ചെയ്യാൻ ബുദ്ധിമുട്ടി നിന്ന പത്തു വയസുകാരൻ്റെ കൈയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി ക്രോസ് ചെയ്യുന്നതിനിടെ വള ഊരി മാറ്റി; ഒരു മണിക്കൂറിനിടെ രണ്ട് മോഷണം നടത്തിയ പെരുങ്കള്ളിയെ മണിക്കൂറുകൾക്കകം പിടികൂടി കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോനും സംഘവും
കോട്ടയം: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയവരുടെ കുഞ്ഞിനെ എടുക്കുകയും താലോലിക്കുകയും ചെയ്ത ശേഷം കുട്ടിയുടെ സ്വർണ്ണ വളയുമായി കടന്നു കളഞ്ഞ പെരുങ്കള്ളിയെ കട്ടപ്പന പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി.
കുഴിത്തൊളു സ്വദേശി പനക്കൽ സുശീല (48) ആണ് പൊലീസ് പിടിയിലായത്.
ഇന്ന് രാവിലെ 10 മണിക്കായിരുന്നു കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ എത്തിയ യുവതി തന്ത്രപൂർവ്വം ഡോക്ടറെ കാണാനിരുന്ന അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങുകയും കുറച്ച് നേരം താലോലിക്കുകയും ചെയ്ത ശേഷം കുട്ടിയുടെ സ്വർണ്ണവള അടിച്ചു മാറ്റിയ ശേഷം കുഞ്ഞിനെ തിരികെ നൽകി കടന്നുകളഞ്ഞത്.
തുടർന്ന് കട്ടപ്പന ടൗണിലെത്തിയ യുവതി സമീപത്തുള്ള സ്വർണ്ണ പണയ സ്ഥാപനത്തിൽ കയറി വള പണയപ്പെടുത്തി പണം വാങ്ങുകയും ചെയ്തു.
തുടർന്ന്
1 1 മണിയോടു കൂടി ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമായി സീബ്രാലൈൻ ക്രോസ് ചെയ്യാൻ ബുദ്ധിമുട്ടുന്ന അമ്മയേയും പത്തു വയസുകാരനേയും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സഹായിക്കാൻ എന്ന വ്യാജേന
പത്തു വയസുകാരൻ്റെ കൈയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി റോഡ് ക്രോസ് ചെയ്യാൻ സഹായിച്ചു.
റോഡ് ക്രോസ് ചെയ്യുന്നതിനിടെ കുഞ്ഞിൻ്റെ സ്വർണ്ണ വള ഇതിനകം അടിച്ചു മാറ്റിയിരുന്നു.
കുഞ്ഞിൻ്റെ വള നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ അമ്മ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനോടകം തന്നെ ആശുപത്രിയിൽ നിന്ന് വള നഷ്ടപ്പെട്ട പരാതിയും പൊലീസിന് ലഭിച്ചിരുന്നു.
രണ്ട് മോഷണവും നടത്തിയത് ഒരാളാണെന്ന് മനസിലാക്കിയ പൊലീസ് സീബ്രാ ക്രോസ് ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, സ്വർണ്ണ പണയ സ്ഥാപനത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവതിയെ തിരിച്ചറിയുകയുമായിരുന്നു.
തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ, എസ്എച്ച്ഒ വിശാൽ ജോൺസൺ, പ്രിൻസിപ്പൽ എസ്ഐ.ദിലീപ് കുമാർ, എസ് ഐ ഷംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നഗരം അരിച്ച് പെറുക്കി പ്രതിയെ പിടികൂടി.
സുശീല ഇതിനു സമാനമായ രീതിയിൽ കഴിഞ്ഞ ആഴ്ച്ചയിലും മുൻപ് നാല് തവണയും മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.