സ്‌കൂൾ തുറക്കൽ: ഒരുക്കങ്ങളെല്ലാം പൂർത്തിയായി, സുരക്ഷയൊരുക്കി പോലീസ്, ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്‌കൂളുകൾ തുറക്കാനിരിക്കെ മിക്ക സ്‌കൂളുകളിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.  രണ്ട് വർഷത്തിന് ശേഷം നടക്കുന്ന പ്രവേശനോത്സവം ഗംഭീരമാക്കാനുളള ഒരുക്കത്തിലാണ് സ്‌കൂളുകൾ. മുരുകൻ കാട്ടാക്കട എഴുതി വിജയ് കരുൺ സംഗീതം നൽകി സിത്താര കൃഷ്ണ കുമാർ ആലപിച്ച 'മഴ മഴ മഴ മഴ മാടി വിളിപ്പൂ മാനം കാണാൻ പോരുന്നോ' എന്ന ഗാനം സ്‌കൂളുകളിൽ കേൾപ്പിക്കും. സ്‌കൂൾ പ്രവേശനോത്സവത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

4, 29,000 കുട്ടികളാണ് പ്രവേശനോത്സവത്തിന്റെ ഭാഗമാകുക. സംസ്ഥാന തല ഉദ്ഘാടനം കഴക്കൂട്ടം ഗവ എച്ച്എസ്എസിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. നിലവിൽ അവസാന ഘട്ട ശുചീകരണ പ്രവർത്തനങ്ങളാണ് മിക്ക സ്‌കൂളുകളിലും നടക്കുന്നത്. മൈക്രോ ലെവൽ ശുചീകരണമാണ് സ്‌കൂളുകളിൽ നടക്കുന്നത്. 

സ്‌കൂളുകൾ തുറക്കാനിരിക്കെ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സൗഹാർദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്ന വിധത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ പോലീസ് മേധാവിമാർക്ക് അദ്ദേഹം നിർദ്ദേശം നൽകി. നിരത്തുകളിൽ ഉണ്ടാകുന്ന തിരക്കുകൾ അടക്കം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കും. സ്‌കൂൾ ബസിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. 

വാഹനങ്ങളുടെ ഫിറ്റ്‌നെസ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉറപ്പാക്കണം. സ്‌കൂൾ പരിസരങ്ങളിൽ കുട്ടികളെ റോഡ് മുറിച്ചു കടക്കുന്നതിന് പോലീസിന്റേയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടേയും സേവനം ഉറപ്പാക്കും. സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങൾ ഇല്ലെന്നും സ്‌കൂൾ അധികൃതർ ഉറപ്പാക്കണമെന്ന് നിർദ്ദേശമുണ്ട്. സ്‌കൂൾ അധികൃതരുടെ സഹകരണത്തോടെ സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും ബോധവൽക്കരണ ക്ലാസുകളും നൽകും.

സ്‌കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച്‌ ആരോഗ്യ വകുപ്പും മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചുണ്ട്. രോഗലക്ഷണങ്ങളുള്ളവർ ആരും തന്നെ സ്‌കൂളിൽ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. വാക്സിനെടുക്കാൻ ശേഷിക്കുന്ന 12 വയസിന് മുകളിലുള്ള മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകണം. മഴക്കാലമായതിനാൽ പകർച്ചവ്യാധികൾ പകരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

Previous Post Next Post