പെട്രോൾ ചോർത്തുന്നതിനിടയിൽപിടിയിലായി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിൽ വീണു: വീണ്ടും നാടകീയമായി രക്ഷപ്പെട്ടു


ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റുന്നതിനിടയിൽ നാട്ടുകാർ പിടികൂടിയ യുവാവ് നാടകീയമായി രക്ഷപ്പെട്ടു. കല്ലാച്ചിക്കടുത്ത ചേലക്കാട്ടാണ് സംഭവം. സ്‌കൂട്ടറിലെത്തിയ യുവാവ് പെട്രോൾ തീർന്നതോടെ ചേലക്കാട് റോഡ് സൈഡിൽ കണ്ട ബൈക്കിൽ നിന്ന് പെട്രോൾ ചോർത്തുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ ചോദ്യം ചെയ്തു. സുഹൃത്തിന്റെ വീട്ടിൽ വന്നതാണെന്നായിരുന്നു മറുപടി.  യുവാവിനെയും കൂട്ടി നാട്ടുകാർ സൃഹൃത്തിന്റെ വീട്ടിലെത്തി. വീട്ടുകാർ വാതിൽ തുറക്കുന്നതിനിടയിൽ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിൽ വീണു. 

നാട്ടുകാർ യുവാവിനെ കരക്കെത്തിച്ചപ്പോൾ വീഴ്ചയിൽ പരിക്ക് പറ്റിയ നിലയിൽ കിടക്കുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ഓടി. നാട്ടുകാരും പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.  വിവരമറിഞ്ഞ് പോലീസും രംഗത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവാവെത്തിയ സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ നടക്കാവ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയതാണെന്ന് വ്യക്തമായി. പോലീസ് അന്വേഷണമാരംഭിച്ചു.
Previous Post Next Post