കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന ശ്രീലങ്കയിൽ പെട്രോൾ ലഭ്യമല്ലെന്ന് വ്യക്തമാക്കി പുതിയതായി അധികാരത്തിൽ എത്തിയ ഭരണകൂടം. ജനങ്ങൾ പമ്പിന് മുന്നിൽ വരി നിൽക്കേണ്ട കാര്യമില്ലെന്നും ശ്രീലങ്കൻ സർക്കാർ പറഞ്ഞു. രണ്ട് മാസത്തോളമായി കടൽതീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പൽ നിന്നും പെട്രോൾ വാങ്ങുന്നതിന് നൽകാൻ വിദേശനാണ്യമില്ലെന്നും ശ്രീലങ്കൻ സർക്കാർ ബുധനാഴ്ച വെളിപ്പെടുത്തി. എന്നിരുന്നാലും, രാജ്യത്തിന് ആവശ്യത്തിന് ഡീസൽ സ്റ്റോക്ക് ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. അതേസമയം, അവശേഷിക്കുന്ന പെട്രോൾ ആംബുലൻസുകൾ അടക്കമുള്ള അവശ്യ സേവനങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. മാർച്ച് 28 മുതലാണ് ശ്രീലങ്കൻ തീരത്ത് പെട്രോളുമായി ഒരു കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. ശ്രീലങ്കൻ വൈദ്യുതി, ഊർജ മന്ത്രി കാഞ്ചന വിജേശേഖരയാണ് ഈ വിവരങ്ങൾ പാർലമെന്റിനെ അറിയിച്ചത്. രാജ്യം പെട്രോൾ ലഭ്യതയുടെ പ്രശ്നം നേരിടുന്നുണ്ടെന്ന് സ്ഥിരീകരിച്ചതായി ശ്രീലങ്കൻ വാർത്താ പോർട്ടലായ ന്യൂസ്ഫസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇന്നല്ലെങ്കിൽ നാളെ കപ്പലിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് ഇതേ വിതരണക്കാരിൽ നിന്നും 53 ദശലക്ഷം ഡോളറിന്റെ പെട്രോൾ കടം വാങ്ങിയിട്ടുണ്ട്. രണ്ട് പേയ്‌മെന്റുകളും തീർപ്പാക്കുന്നതുവരെ കപ്പൽ വിട്ടുനൽകാൻ ഷിപ്പിംഗ് കമ്പനി വിസമ്മതിച്ചതായി മന്ത്രി വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഭക്ഷണം മുതൽ പാചക വാതകം വരെയുള്ള എല്ലാത്തിന്റെയും ക്ഷാമം ഏറ്റവും വേഗത്തിലുള്ള പണപ്പെരുപ്പത്തിന് കാരണമായി എന്നാണ് കണക്കാക്കുന്നത്. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ലോക ബാങ്ക് നൽകി വരുന്ന 160 മില്യൺ ഡോളറിന് വേണ്ടിയുള്ള ചർച്ചകൾ നടക്കുകയാണെന്നും ബുധനാഴ്ച മന്ത്രി പാർലമെന്റിനെ അറിയിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. ഇടക്കാല പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തിയ റനിൽ വിക്രമസിംഗെ രാജ്യത്തെ സാമ്പതത്തിക സ്ഥിതി ഏറ്റവും അപകടകരമായ നിലയിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഏറ്റവും മോശമായ സാഹചര്യങ്ങളായിരിക്കും വരുന്ന മാസങ്ങളിലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.