ആര്യങ്കാവില്‍ നിന്ന് 10750 കിലോ പഴകിയ മീൻ പിടികൂടി, പിടിച്ചെടുത്തത് ചൂര മീൻ





കൊല്ലം : ആര്യങ്കാവില്‍ നിന്ന് പതിനായിരത്തി എഴുന്നൂറ്റിയമ്പത് കിലോ പഴകിയ മീൻ പിടികൂടി. മൂന്ന് ലോറികളിലായി എത്തിച്ച ചൂര മീനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്  പിടികൂടിയത്. മീനിന്റെ സാമ്പിളുകൾ കൊച്ചിയിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചു.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ പിടികൂടിയത്. തമിഴ്‌നാട്ടിലെ കടലൂർ, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച മീനാണ് ആര്യങ്കാവിൽ പിടിച്ചെടുത്തത്.

കരുനാഗപ്പള്ളി, അടൂർ, ആലങ്കോട് എന്നിവിടങ്ങളിലെ മൊത്തക്കച്ചവടക്കാർക്ക് വിൽക്കാൻ എത്തിച്ചതായിരുന്നു മീൻ. ചീഞ്ഞതും പൂപ്പൽ ബാധിച്ചതുമായ നിലയിലായിരുന്നു പിടിച്ചെടുത്ത മീൻ. നല്ല മീനാണെന്ന് തോന്നിക്കാൻ രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പുദ്യോഗസ്ഥർ അറിയിച്ചു.
 
മീൻ കടത്താൻ ഉപയോഗിച്ച മൂന്ന് ലോറികളും പിടിച്ചെടുത്തു. ട്രോളിങ് നിരോധനം തുടങ്ങിയതിന് ശേഷം ടൺ കണക്കിന് മീനാണ് ദിവസവും ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്നത്. ഈ സാഹചര്യത്തിൽ അതിർത്തി ചെക്പോസ്റ്റുകളിൽ ശക്തമായ പരിശോധന തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.


Previous Post Next Post