ലക്‌നൗ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി. ആദിവാസി വിഭാഗത്തില്‍നിന്നുള്ളയാള്‍ എന്ന നിലയ്ക്കാണ് മുര്‍മുവിനെ പിന്തുണ്ക്കുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു.
മുര്‍മുവിനുള്ള പിന്തുണ ബിജെപിക്കോ എന്‍ഡിഎയ്‌ക്കോ ഉള്ള പിന്തുണയായി കാണേണ്ടതില്ലെന്ന് മായാവതി പറഞ്ഞു. യുപിഎയോടുള്ള എതിര്‍പ്പായും ഇതിനെ കണക്കാക്കേണ്ടതില്ല. ആദിവാസി വിഭാഗത്തില്‍നിന്നുള്ള ഒരാള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്നത് പിന്തുണയ്ക്കപ്പെടേണ്ടതാണ്. അതിനാലാണ് പാര്‍ട്ടി ഇത്തരമൊരു നിലപാട് എടുക്കുന്നതെന്നും മായാവതി പറഞ്ഞു.
ADVERTISEMENT
രാഷ്ട്രപതി തെരഞ്ഞെടുപ്പു ചര്‍ച്ച ചെയ്യാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച യോഗത്തിലേക്കു ചില പാര്‍ട്ടികളെ മാത്രമാണ് ക്ഷണിച്ചതെന്ന് മായാവതി പറഞ്ഞു. പിന്നീട് ശരദ് പവാര്‍ വിളിച്ച യോഗത്തിലേക്കും ബിഎസ്പിയെ വിളിച്ചില്ല. ഇരുവരുടെയും ജാതി വിവേചനമാണ് ഇതു വ്യക്തമാക്കുന്നതെന്ന് മായാവതി ആരോപിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടിയാലോചനകളില്‍ ബിഎസ്പിയെ ക്ഷണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്വതന്ത്രമായ നിലപാട് എടുക്കുകയാണെന്ന് മായാവതി പറഞ്ഞു.