ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നിയമപോരാട്ടത്തിൽ വിമതപക്ഷത്തിന് ആശ്വാസം. ജൂലൈ 12 വരെ എംഎൽഎമാരെ അയോഗ്യരാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തത്സ്ഥിതി തുടരണമെന്നാണ് നിർദ്ദേശം.
എംഎൽഎമാരുടെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന നിർദ്ദേശവും സർക്കാരിന് കോടതി നൽകി. ജൂലൈ 11 ന് ഇനി കേസ് പരിഗണിക്കും.
അതേസമയം തങ്ങളെ ചതിച്ചവർ ഇനി നിയമസഭ കാണില്ലെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ പറഞ്ഞു. എംഎൽഎമാർ പോയാലും അണികൾ ഒപ്പമുമണ്ടെന്നും താക്കറെ പറഞ്ഞു.
നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ് വിമത എംഎൽഎമാർ ആദ്യം ധാർമിക പരിശോധന നടത്തണം. ഇനിയും തിരിച്ചു വരാൻ തയ്യാറായവർക്ക് സ്വാഗതമെന്നും ആദിത്യ താക്കറെ പറഞ്ഞു. തങ്ങളുടെ സർക്കാർ താഴെ വീഴില്ലന്ന ശുഭപ്രതീക്ഷയും ആദിത്യ താക്കറെ ന്യൂസ് 18 നോട് പങ്കുവെച്ചു. തങ്ങളെ ചതിച്ചവരും ഓടിപ്പോയവരും ഒരിക്കലും വിജയിക്കില്ലെന്നും ആദിത്യ താക്കറെ വ്യക്തമാക്കി.
ഇതിനിടയിൽ മഹാരാഷ്ട്ര ബിജെപി കോർ കമ്മിറ്റി ചേരുന്നുണ്ട്. വൈകുന്നേരം അഞ്ച് മണിക്ക് ദേവേന്ദ്ര ഫഡ്നവാസിന്റെ വസതിയിൽ വെച്ചാണ് യോഗം. ബിജെപി നേതാക്കളായ ചന്ദ്രകാന്ത് പാട്ടിൽ, ആഷിഷ് ഷെലാർ, സുധീർ മുനാംഗ്തിവാർ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. മഹാരാഷ്ട്രയിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം എന്നാണ് സൂചന.
തനിക്കും 15 എംഎല്‍എമാര്‍ക്കും മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.