13-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കാവൽനിന്ന സഹോദരിയടക്കം 7 പേർ പിടിയിൽ







ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ലഖിംപുര്‍ ഖേരിയിലെ 13 വയസ്സുകാരിയെയാണ് ചൊവ്വാഴ്ച രാവിലെ കരിമ്പിന്‍തോട്ടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൂത്ത സഹോദരി ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സഹോദരിയുടെ ഒത്താശയോടെയാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം. പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കൊണ്ടുപോയത് സഹോദരിയാണെന്നും ഇവരുടെ സാന്നിധ്യത്തിലാണ് ബലാത്സംഗവും കൊലപാതകവും നടന്നതെന്നും പോലീസ് പറഞ്ഞു. സഹോദരിക്ക് പുറമേ, രഞ്ജിത് ചൗഹാന്‍, അമര്‍ സിങ്, അങ്കിത്, സന്ദീപ് ചൗഹാന്‍, ദീപു ചൗഹാന്‍, അര്‍ജുന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം 18-19 വയസ്സുള്ളവരാണ്.

പെണ്‍കുട്ടിയും സഹോദരിയും തമ്മിലുണ്ടായിരുന്ന വഴക്കാണ് ബലാത്സംഗത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് പോലീസ് പറയുന്നത്. സഹോദരിക്ക് നാല് യുവാക്കളുമായുള്ള ബന്ധം 13-കാരി മനസിലാക്കിയിരുന്നു. അതിരുവിട്ട സൗഹൃദത്തെ എതിര്‍ത്ത 13-കാരി ഇതേച്ചൊല്ലി സഹോദരിയുമായി വഴക്കിടുന്നതും പതിവായിരുന്നു. ഇതോടെയാണ് 13-കാരിയെ ഇല്ലാതാക്കാന്‍ സഹോദരി തീരുമാനമെടുത്തത്.

ചൊവ്വാഴ്ച രാവിലെ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനെന്ന് പറഞ്ഞാണ് 13-കാരിയെ സഹോദരി കരിമ്പിന്‍തോട്ടത്തിലേക്ക് കൊണ്ടുപോയത്. ഇവിടെവെച്ച് രഞ്ജിത് ചൗഹാന്‍, അമര്‍സിങ്, അങ്കിത്, സന്ദീപ് ചൗഹാന്‍ എന്നിവര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.


Previous Post Next Post