നോനി ജില്ലയിലെ ടുപുൾ റെയിൽവേ സ്റ്റേഷന് സമീപം ഇന്ത്യൻ സൈന്യത്തിൻ്റെ 107 ടെറിട്ടോറിയൽ ആർമിയുടെ ക്യാമ്പ് സ്ഥിതി ചെയ്തിരുന്ന പ്രദേശത്താണ് ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ട് ടെറിട്ടോറിയൽ ആർമി (ടിഎ) ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 13 പേരെ രക്ഷപ്പെടുത്തുകയും 20 പേരെ കാണാതാവുകയും ചെയ്തു. എത്ര പേർ അപകടത്തിൽപ്പെടുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.
പരിക്കേറ്റവരെ ആർമിയുടെ കീഴിലുള്ള ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് നിർമ്മാണം പുരോഗമിക്കുന്ന റെയിൽ പാതയുടെ നിർമാണ പ്രവർത്തനത്തിന് എത്തിയവരാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും. ഇവർക്ക് സുരക്ഷയും സഹായവും ചെയ്യുന്നതിനാണ് സൈന്യം പ്രദേശത്ത് ക്യാമ്പ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
സൈന്യവും അസം റൈഫിൾസും മണിപ്പൂർ പോലീസും സംയുക്തമായിട്ടാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.