പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. യുവാക്കളുടെ ഭാവി അനിശ്‌ചിതത്വത്തിൽ ആകുമെന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ഹരിയാനയിലെ പൽവലിൽ മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടന്ന പശ്ചാത്തലത്തിലാണിത്. ഇതിനിടെ, ബിഹാറിലെ സരണിൽ ബിജെപി എംഎൽഎയുടെ വീടിന് നേരെ നേരെ ആക്രമം ഉണ്ടായി.
അതേസമയം പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തുടരാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, ദില്ലി, മധ്യപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ ഇന്നലെ നടന്ന പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് നീങ്ങിയിരുന്നു. വിവിധ ഇടങ്ങളിൽ പൊലീസ് വാഹനങ്ങളും, പൊലീസ് സ്റ്റേഷനും, ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് 34 ൽ അധികം ട്രെയിനുകൾ റദ്ദാക്കി. 72 സർവീസുകൾ വൈകി ഓടുന്നു. യുവാക്കളുടെ പ്രതിഷേധത്തെ പിന്തുണച്ച് വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷവും ചില ഘടക കക്ഷികളും കേന്ദ്ര സർക്കാരിനോട് പദ്ധതി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.