തിരുവനന്തപുരം: മലയാള സിനിമാതാര സംഘടനയായ AMMA ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ. ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു.
അമ്മ ക്ലബ്ബ് അല്ലെന്നും ചാരിറ്റബിൾ സൊസൈറ്റിയാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. അങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ വ്യത്യാസമുണ്ടായിട്ടുണ്ടെങ്കിൽ മോഹൻലാൽ വ്യക്തമാക്കട്ടേയെന്നും ഗണേഷ് കുമാർ.
ഇടവേള ബാബു പരാമർശം പിൻവലിച്ച് മാപ്പ് പറയണം. ആരോപണ വിധേയനായ വിജയ് ബാബു ഗൾഫിലേക്ക് പോയപ്പോൾ ഇടവേള ബാബു ഒപ്പം ഉണ്ടായിരുന്നു എന്ന ആരോപണം ഉണ്ട്. അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. അവർ പറഞ്ഞ വിഷയത്തിൽ അമ്മ മറുപടി നൽകണം.
വിജയ് ബാബു എട്ട് ക്ലബ്ബുകളിൽ അംഗമാണ്, അവിടെയൊന്നും നടപടിയില്ല എന്ന് അമ്മ പറയുന്നത് ആർക്കുവേണ്ടിയാണെന്നും ഗണേഷ് കുമാർ ചോദിച്ചു. ഹൈക്കാടതിയിൽ നൽകിയ സത്യവാങ് മൂലത്തിനപ്പുറം സമിതി എന്തിന് രൂപീകരിച്ചു.
ഷമ്മി തിലകൻ പറഞ്ഞ പലകാര്യങളിലും തനിക്ക് യോജിപ്പുണ്ട്. താൻ കത്ത് നൽകിയപ്പോഴും മറുപടി നൽകിയില്ല. ഇതുസംബന്ധിച്ച് മോഹൻലാലിന് കത്ത് എഴുതും. പാർവ്വതിയും ശ്വേതമേനോനും എന്തിന് രാജിവെച്ചുവെന്നും അദ്ദേഹം ചോദിച്ചു.
ദിലീപ് രാജി വച്ചത് പോലെ വിജയ് ബാബുവും രാജി വെക്കണം. AMMAയുടെ യോഗത്തിൽ വിജയ് ബാബു പങ്കെടുത്തു. നടപടിക്രമങ്ങൾ എല്ലാവർക്കും ബാധകമാണ്.
ക്ലബ്ബ് ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോൾ പ്രസിഡന്റിന് തിരുത്താമായിരുന്നു, പക്ഷേ, തിരുത്തിയില്ല. തിരുത്താത്തതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഇന്നലെയാണ് കൊച്ചിയിൽ AMMAയുടെ വാർഷിക ജനറൽ ബോഡി ചേർന്നത്. യോഗത്തിൽ വിജയ് ബാബുവും പങ്കെടുത്തിരുന്നു. യോഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമായ കാരണങ്ങളില്ലാതെ നടൻ വിജയ്ബാബുവിനെ പുറത്താക്കാനാവില്ലെന്നായിരുന്നു നേതൃത്വം പറഞ്ഞത്. വിവിധ ക്ലബ്ബുകളിൽ അംഗമായ അദ്ദേഹത്തെ മറ്റു ക്ലബ്ബുകൾ പുറത്താക്കിയിട്ടില്ലെന്നും അമ്മയും ഒരു ക്ലബ്ബാണെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.
AMMAയിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു വിജയ് ബാബു. ആരോപണം വന്നതിനെ തുടർന്ന് സംഘടനയ്ക്ക് കത്ത് നൽകി രാജിവെച്ചിരുന്നു. നിലവിൽ സംഘടനയിൽ അംഗമാണ് വിജയ് ബാബു.
അതേസമയം, യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ അന്വേഷണ സംഘത്തിന് മുന്നിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ചോദ്യം ചെയ്യലിനായി ഹാജരായത്. ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിരുന്നു.