ന്യൂഡൽഹി : അഭിമുഖത്തിനിടെ കുഴഞ്ഞു വീണ ക്യാമറമാനെ പ്രഥമ ശുശ്രൂഷ നല്‍കി രക്ഷിച്ച് കേന്ദ്രമന്ത്രി ഡോ. ഭഗവത് കിഷന്‍ റാവു കരാദ്. ഡല്‍ഹിയില്‍ വെച്ച്, ഒരു വാര്‍ത്താ മാദ്ധ്യമത്തിന് അഭിമുഖം നല്‍കുന്നതിനിടെയാണ് സംഭവം. ആരോഗ്യവിദഗ്ധനായ ഡോ. ഭഗവത് കിഷന്‍, ഇത്തരത്തില്‍ രണ്ടാം തവണയാണ് ഒരു ജീവന്‍ രക്ഷിക്കുന്നത്.
അഭിമുഖത്തിനിടെ ക്യാമറമാന്‍ തളര്‍ന്നു വീഴുന്നത് ശ്രദ്ധിച്ച മന്ത്രി ഉടന്‍ തന്നെ അദ്ദേഹത്തിന്റെ സഹായത്തിനെത്തുകയായിരുന്നു. ഡോ. ഭഗവത് കിഷന്‍ ക്യാമറമാന്റെ ഹൃദയമിടിപ്പ് പരിശോധിക്കുകയും അദ്ദേഹത്തിന്റെ കാലില്‍ അമര്‍ത്തുകയും ചെയ്തു. മിനിറ്റുകള്‍ക്കകം അദ്ദേഹത്തിന് ബോധം തിരികെ വന്നു. തുടര്‍ന്ന് ഡോ. ഭഗവത് കിഷന്‍ റാവു കരാദ് അദ്ദേഹത്തിന് ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ മധുരപലഹാരങ്ങള്‍ നല്‍കി. അല്‍പ്പസമയത്തിനകം, തളര്‍ന്നു വീണ ക്യാമറമാന്‍ സുഖം പ്രാപിച്ചതായാണ് ലഭ്യമായ വിവരം.