ബംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് അനീഷിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ശ്രുതി മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഒളിവില്‍ പോയ അനീഷിനെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അനീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ബംഗളൂരുവിലെ ഫ്‌ലാറ്റിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷിന്റെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ശ്രുതിയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. അതിനിടെ മരണത്തിന് കാരണം ഭര്‍തൃപീഡനമെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വീട്ടുകാര്‍ക്ക് അയച്ച ശബ്ദരേഖയില്‍ അനീഷിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. അനീഷ് അടിച്ചുവെന്നടക്കം ശ്രുതി ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു.
ശ്രുതിയുടെ മരണത്തില്‍ അന്വേഷണം ഇഴയുന്നതിനെതിരെ കുടുംബം കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗളൂരു പൊലീസിലെ പ്രത്യേക അന്വേഷണസംഘത്തിന് കേസ് കൈമാറിയത്.