കൊച്ചി: അഭയ കേസിൽ ജാമ്യം ലഭിച്ച സിസ്റ്റർ സെഫി ജാമ്യ വ്യവസ്ഥ അനുസരിച്ച് സിബിഐ ഓഫീസിൽ ഹാജരായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ തന്നെ ജാമ്യത്തുകയായ 5 ലക്ഷം രൂപ കെട്ടിവച്ച് സെഫി പുറത്തിറങ്ങിയിരുന്നു. അന്ന് മാധ്യമങ്ങളോട് സംസാരിക്കാൻ അവർ തയ്യാറായിരുന്നില്ല.
സിബിഐ ഓഫീസിൽ എത്തിയ സിസ്റ്റർ സെഫി കുറ്റബോധമില്ലെന്നാണ് പറഞ്ഞത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും സെഫി മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു. അഭയകേസിൽ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും കഴിഞ്ഞദിവമായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇരുവരുടെയും ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജിയിൽ തീർപ്പാകും വരെ ഇരുവർക്കും ജാമ്യത്തിൽ തുടരാൻ കഴിയും. 2021 ഡിസംബർ 23നായിരുന്നു കേസിൽ വൈദികനെയും കന്യാസ്ത്രീയെയും കോടതി ഇരട്ട ജീവപര്യന്തം തടവിനു വിധിച്ചത്. കൊലക്കുറ്റം അടക്കമുള്ള കേസുകളിൽ ഫാ. തോമസ് കോട്ടൂരും സി. സെഫിയും കുറ്റക്കാരാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.