വയനാട്: സംഘപരിവാറിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് സിപിഎം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വര്‍ണകടത്ത് കേസ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എസ്എഫ്ഐ ക്രിമിനല്‍ സംഘടനയായി മാറിയിരിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത അക്രമിസംഘത്തില്‍ ഉണ്ടായിരുന്നു. കലാപത്തിന് ആഹ്വാനം നല്‍കി രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയിട്ട് മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതികരിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചപ്പോഴും എസ്.എഫ്.ഐ- ഡിവൈ.എഫ്.ഐ ക്രിമിനലുകള്‍ ഗാന്ധിയുടെ ചിത്രം തകര്‍ത്തു. സംഘപരിവാറിന്റെ ഗാന്ധി നിന്ദയാണ് സി.പി.എമ്മും ആവര്‍ത്തിക്കുന്നതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിലെ പ്രതി പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന ആരോപണത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വിണാ ജോർജ് രംഗത്തെത്തി. ഇയാൾ ഇപ്പോൾ സ്റ്റാഫ് അംഗമല്ലെന്ന് മന്ത്രി പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ ഇയാളെ ഈ മാസമാദ്യം ഒഴിവാക്കിയിരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടയിൽ ഓഫീസ് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ 19 എസ്എസ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വ്യാഴാഴ്ച രാഹുൽ വയനാട്ടിൽ എത്തും. ആക്രമണത്തെ കുറിച്ച് അന്വേഷിച്ചു എഡിജിപി മനോജ് എബ്രഹാം ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും.