കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠനം കഴിഞ്ഞിറങ്ങിയ ബിന്‍ഷ മികച്ച ബാസ്‌കറ്റ് ബോള്‍ കളിക്കാരിയാണ്.സംസ്ഥാനതലത്തില്‍ ഇവര്‍ കളിച്ചിട്ടുണ്ട്. കളിമികവിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് റെയില്‍വേയില്‍ താല്‍ക്കാലിക ജോലി ലഭിച്ചത്. എന്നാല്‍ കൊവിഡ് കാലത്തെ കൂട്ടപിരിച്ചുവിടലില്‍ ബിന്‍ഷയ്ക്കു ജോലി നഷ്ടപ്പെടുകയായിരുന്നു. ഇതിനിടെ ഒരു സമ്പന്ന കുടുംബത്തില്‍ നിന്ന് റെയില്‍വേ സ്ഥിരം ജീവനക്കാരിയാണെന്ന് പറഞ്ഞ് ഇവര്‍ വിവാഹം ചെയ്തിരുന്നു. തന്റെ കുടുംബജീവിതം തകരുമെന്നതിനാല്‍ ഈക്കാര്യം ഭര്‍ത്താവിനോട് പറയാന്‍ ഭയമായിരുന്നുവെന്നാണ് ഇവര്‍ പൊലിസിന് നല്‍കിയ മൊഴി. അതുകൊണ്ടു തന്നെ ഇവര്‍ ജോലിയില്‍ തുടരുന്നുവെന്ന് നടിക്കുകയായിരുന്നു.
ജോലി സൗകര്യാര്‍ത്ഥം കണ്ണൂര്‍ നഗരത്തിനടുത്ത് ഒരു വാടകവീടെടുത്ത് ഭര്‍ത്താവും കുഞ്ഞും ബിന്‍ഷയും താമസിച്ചു വരികയായിരുന്നു. എന്നും രാവിലെ ഭര്‍ത്താവാണ് ഇവരെ കാറില്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിടാറുള്ളത്. അവിടെ നിന്നും ഇവര്‍ പല ട്രെയിനുകളില്‍ കയറുകയും പകല്‍ മുഴുവന്‍ ചുറ്റിക്കറങ്ങിയതിനു ശേഷം തിരിച്ചെത്തുകയുമാണ് പതിവ്. ഇതിനിടെയാണ് ഒരു ദിവസം റെയില്‍വേയില്‍ ഉന്നതപിടിപാടുണ്ടെന്നും ആര്‍ക്കും ജോലി തനിക്ക് ശരിയാക്കി കൊടുക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട മാഡത്തെ യാദൃശ്ചികമായി ട്രെയിനില്‍ നിന്നും പരിചയപ്പെട്ടത്. തനിക്ക് റെയില്‍വെയില്‍ ജോലിയില്ലെന്നും അതു നഷ്ടപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞ ബിന്‍ഷയെ ആളുകളെ പണം വാങ്ങി റിക്രൂട്ട് ചെയ്തുതരാന്‍ ആവശ്യപ്പെട്ടത് കോട്ടയത്തെ മാഡമാണ്. ഇതുവിശ്വസിച്ചു കൊണ്ടാണ് ബിന്‍ഷ പരിചയക്കാരെ ഉള്‍പ്പെടെ ഇവര്‍ക്ക് ഫോണില്‍ പരിചയപ്പെടുത്തി കൊടുത്തത്.
ഇതിനിടെയില്‍ പണം വാങ്ങിയവരില്‍ ചിലര്‍ ഇവരെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പിടികൂടി ചോദ്യം ചെയ്യുകയും തട്ടിപ്പുവിവരം പോലീസിലും ബിന്‍ഷയുടെ ബന്ധുക്കളെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതു കാരണം എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായ ബിന്‍ഷ മുങ്ങുകയായിരുന്നു. ഇതിനിടെയാണ് ഇവരെ കാണാതായെന്ന പരാതി ഭര്‍ത്താവ് നല്‍കിയതിനെ തുടര്‍ന്ന് സി. ആര്‍. പി. എഫ് കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ ടൗണ്‍ പോലീസിന് കൈമാറുന്നത്. ചക്കരക്കല്‍ പള്ളിപൊയില്‍ സ്വദേശിനിയായ തൊഴിലന്വേഷക നല്‍കിയ പരാതിയിലാണ് ടൗണ്‍ പോലീസ് ഇവരെ അറസ്റ്റു ചെയ്യുന്നത്.
ഇതിനിടെ താന്‍ ജോലി വാങ്ങിക്കൊടുത്തവരെന്ന് അവകാശപ്പെട്ട് ചിലരെ മാഡം വിവിധ റെയില്‍വേസ്‌റ്റേഷനുകളില്‍ നിന്നും അവരറിയാതെ ബിന്‍ഷയ്ക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തിരുന്നു. തനിക്ക് ജോലിയില്ലാത്ത കാര്യം ഭര്‍ത്താവിനോട് പറയാതിരുന്ന ബിന്‍ഷ ഒടുവില്‍ മാന്യമായി ജീവിക്കാനുള്ള പണം ഇവരില്‍ നിന്നും കിട്ടുമെന്ന് തോന്നി കോട്ടയം മാഡത്തിന്റെ വലയില്‍ വീഴുകയായിരുന്നു. റെയില്‍വേയില്‍ ടി.ടി. ആര്‍, ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനത്തിനായി ഇവര്‍ പണം വാങ്ങിയത്. ഇതില്‍ തന്റെ കമ്മിഷനെടുത്ത് ഭൂരിഭാഗവും കോട്ടയത്തെ മാഡത്തിന് കൈമാറിയിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മാഡം തട്ടിപ്പുകാരിയാണെന്ന് ആര്‍ക്കും തൊഴില്‍ കിട്ടാതായതോടെ ബിന്‍ഷയ്ക്കു മനസിലാവുകയും ഇവര്‍ നില്‍ക്കക്കള്ളിയില്ലാതെ മുങ്ങുകയുമായിരുന്നു.