ഒരക്ഷരം മിണ്ടിയാൽ കടക്ക് പുറത്ത്; കണക്ക് പുറത്ത് വിട്ടാൽ പാർട്ടിക്ക് പുറത്ത്? കുഞ്ഞികൃഷ്ണനും സംഘത്തിനുമെതിരെ അച്ചടക്കനടപടിയുടെ ബുള്‍ഡോസര്‍ വരുന്നു

 


പയ്യന്നൂര്‍: പയ്യന്നൂരില്‍ വിമതവിഭാഗം വിവാദങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ ബുള്‍ഡോസര്‍ ഉരുട്ടി എല്ലാംനിലം പരിശാക്കാന്‍ സിപിഎം ജില്ലാ നേതൃത്വം ഒരുങ്ങുന്നു. പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ തന്റെ കൈയ്യിലുണ്ടെന്ന് പറയുന്ന യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിട്ടാല്‍ മുന്‍ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നുംപുറത്താക്കാന്‍ രഹസ്യനീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏരിയാകമ്മിറ്റിയോഗത്തില്‍ അവതരിപ്പിച്ച കെട്ടിച്ചമച്ച കണക്കിന് പകരം തന്റെ കൈയിലുള്ളയഥാര്‍ത്ഥ കണക്ക് പാര്‍ട്ടി അണികള്‍ക്കിടെയിലും പൊതുജനങ്ങള്‍ക്കിടെയിലും വി.കുഞ്ഞികൃഷ്ണന്‍ അവതരിപ്പിക്കുന്ന ആശങ്കയെ തുടര്‍ന്നാണ് സി.പി. എം ജില്ലാനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി അച്ചടക്കത്തിന്റെ ബുള്‍ഡോസര്‍ ഉരുട്ടുന്നത്.

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും വിശ്വാസ്യതയ്ക്ക് ഭംഗംവരുത്തുകയും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന് കുഞ്ഞികൃഷ്ണന് ജില്ലാ നേതൃത്വം താക്കീത് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ടു തന്നെ കുഞ്ഞികൃഷ്ണനും അദ്ദേഹത്തെ അനുകൂലിക്കുന്ന വെള്ളൂരിലെ ചില സഖാക്കളും പാര്‍ട്ടിയുടെ രഹസ്യനിരീക്ഷണത്തിലാണ്.വിഭാഗീയത ആരോപിച്ചു കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ പിന്നീട് അവതരിപ്പിക്കപ്പെടുന്ന കണക്കുകള്‍ക്ക് സ്വീകാര്യതയും വിശ്വാസ്യതയും ലഭിക്കില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞദിവസം നടന്ന പയ്യന്നൂര്‍ ഏരിയാകമ്മിറ്റിയോഗത്തില്‍ കുഞ്ഞികൃഷ്ണന്‍ പങ്കെടുത്തിരുന്നില്ല. പങ്കെടുത്ത അദ്ദേഹത്തെ അനുകൂലിക്കുന്ന 16 ഏരിയാകമ്മിറ്റി അംഗങ്ങളും മൗനം പാലിക്കുകയുംചെയ്തു.

ഇതോടെ പയ്യന്നൂരില്‍ സിപിഎം ഔദ്യോഗിക വിഭാഗത്തിന്റെ പിന്‍തുണയോടെ ടിഐ മധുസൂദനന്‍ ആധിപത്യം നേടിയിരിക്കുകയാണ്. എംഎല്‍ എയ്‌ക്കെതിരെ നീങ്ങിയാല്‍ അതു പാര്‍ട്ടി അച്ചടക്കലംഘനമാണെന്ന് വരുത്തി തീര്‍ക്കാന്‍ നിലവിലുള്ള സാഹചര്യംകൊണ്ടു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ കണക്കും മറ്റുതുറന്നു പറച്ചിലുകളുമായി വി കുഞ്ഞികൃഷ്ണന്‍ രംഗത്തുവരില്ലെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഈക്കാര്യം വിശദീകരിക്കുന്നതിനായി പയ്യന്നൂര്‍ ഏരിയാകമ്മിറ്റിക്കു കീഴിലുള്ള ബ്രാഞ്ച് യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. ഇവിടെ രക്തസാക്ഷി ഫണ്ട് കൈക്കാര്യം ചെയ്യുന്നതില്‍ ജാഗ്രതകുറവുണ്ടായെന്ന്‌റിപ്പോര്‍ട്ട് ചെയ്യുമെങ്കിലും ധനാപഹരണമുണ്ടെന്ന സ്വയം വിമര്‍ശനം നേതൃത്വം നടത്താന്‍ സന്നദ്ധമാവില്ല.

ഏരിയാകമ്മിറ്റി പ്രൊഫഷണല്‍ ചാര്‍ട്ടേന്‍ഡ് അക്കൗണ്ടിനെ കൊണ്ടു തട്ടിക്കൂട്ടിയ കണക്കാണ് ബ്രാഞ്ച് യോഗങ്ങളില്‍ നേതൃത്വം അവതരിപ്പിക്കുക. എന്നാല്‍ പാര്‍ട്ടി അച്ചടക്കം പാലിച്ചാല്‍ വെള്ളൂരിലെ വിമതവിഭാഗം പറയുന്ന ചിലകാര്യങ്ങള്‍ അംഗീകരിക്കാമെന്ന് നേതൃത്വം വി കുഞ്ഞികൃഷ്ണനെയും സംഘത്തെയും രഹസ്യമായി അറിയിച്ചിട്ടുണ്ട്. ടിഐ മധുസൂദനന്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത അച്ചടക്കനടപടിയെടുത്താല്‍ പാര്‍ട്ടിയിലെ എന്തിനുംപോന്ന യുവാക്കളുടെ സംഘം എതിരാവുമെന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്. കായികപരമായ വെല്ലുവിളി രാഷ്ട്രീയ എതിരാളികളില്‍ നിന്നും നേരിടുമ്പോള്‍ മധുസൂദനന്റെ നേതൃത്വത്തിലാണ് പ്രതിരോധം ചമയ്ക്കാറുള്ളതെന്നും അത്തരമൊരാളെ സംശയത്തിന്റെ നിഴലിലായതിനാല്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

Previous Post Next Post