പത്തനംതിട്ട: അടൂരിൽ വാഹന അപകടങ്ങൾക്ക് അവസാനമില്ല. ഓരോ ദിവസം കഴിയുമ്പോഴും എം.സി.റോഡിലും ബെപാസ്സ് റോഡിലും അനുബന്ധ പാതകളിലുമെല്ലാം അപകടങ്ങൾ കൂടുകയാണ്.ഏറ്റവും ഒടുവിൽ അടൂർ മിത്രപുരം അരമന പടിയിലാണ് അപകടമുണ്ടായത്. മിത്രപുരത്ത് സൂപ്പര്‍ ഫാസ്റ്റ് ഓട്ടോറിക്ഷയിലിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു . ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന പൂങ്കാവ് പത്മതീര്‍ത്ഥം ബിജു മനോജ്,പെരിങ്ങനാട് പുത്തന്‍ചന്ത ജയപുരത്ത് റിജു ഭവനില്‍ റെജി (58) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായിപരുക്കേറ്റ റെജിയെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിച്ചു.
ആറരയോടെ മിത്രപുരം അരമനപ്പടിക്ക് സമീപം പമ്പിന് മുന്‍വശത്ത് ആയിരുന്നു അപകടം. ബസ് ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓട്ടോറിക്ഷ സമീപത്തെ പുരയിടത്തിലേക്ക് തെറിച്ച് വീണു. ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. തിരുവനന്തപുരത്ത് നിന്നും ആലുവായ്ക്ക് പോയ ആലുവ ഡിപ്പോയുടെ ബസാണ് അപകടത്തില്‍പെട്ടത്.അടൂർ അഗ്നിശമന സേനയും പോലീസും എത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. അടൂർ ബൈപ്പാസിൽ വട്ടത്തറപ്പടിയിൽ മാരുതി എസ്റ്റീം കാർ റോഡ് വശത്തേക്ക് ഇടിച്ചു കയറി കാർ യാത്രികർ വാഹനത്തിനുള്ളിൽ കുടുങ്ങിയത് കഴിഞ്ഞ ദിവസമാണ്. അടൂർ അഗ്നിശമന യൂണിറ്റ് ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ച് കുട്ടിങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വെളുപ്പിന് 3.20 ന് ആയിരുന്നു സംഭവം. ഇതിൽ കാര്‍ ഓടിച്ചിരുന്ന പെരിങ്ങനാട് സ്വദേശി അതുല്‍ കെ. എസ്. മരിച്ചു. കാർ അതിവേഗതയിൽ റോഡിൻ്റെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അടൂർ ഹൈവേ പോലീസ് അറിയിച്ചത്. അടുത്ത ദിവസമാണ് അടൂർ ഹൈസ്കൂളിനു സമീപം വൈറ്റ് പോർട്ടിക്കോക്ക് മുന്നിൽ നിർത്തി ഇട്ടിരുന്ന മാരുതി സിയാസ്സ് കാറിൽ മാരുതി സിഫ്റ്റ് നിയന്ത്രണം വിട്ട് വന്ന് ഇടിച്ചത്. സ്വിഫ്റ്റിലെ യാത്രക്കാരായ രണ്ട് പേരെ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറിലെ ആൾക്കാർക്കാണ് പരിക്ക് പറ്റിയത്. ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് രാപകൽ ഭേദമില്ലാതെ അടൂരിൽ ഉണ്ടാകുന്നത്.