ബെംഗളൂരു: കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയിലുള്ള വളം ലഭിക്കാത്തതിന് എതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ ഫോണിലൂടെ വിളിച്ച് പരാതിപ്പെട്ട കര്‍ണാടകയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍. ബിദര്‍ ജില്ലയിലെ ഹെഡപുര സ്കൂളിലെ അധ്യാപകനായ കുശാല്‍ പാട്ടീലിനെയാണ് സ്സപെന്‍ഡ് ചെയ്തത്. ജൂണ്‍ 15ന് രാത്രിയാണ് കേന്ദ്രമന്ത്രിയെ കുശാല്‍ പാട്ടീലിന് ഫോണില്‍ ലഭിച്ചത്.
ദിവസങ്ങളോളം നീണ്ട ശ്രമത്തിനൊടുവിലാണ് മന്ത്രിയെ ഫോണില്‍ കിട്ടിയത്. തന്‍റെ ഗ്രാമമായ ജീര്‍ഗയിലെയും ബിദര്‍ ജില്ലയിലെ മറ്റ് മേഖലകളിലും വളത്തിന്‍റെ ദൗര്‍ലഭ്യം കാര്യമായുണ്ടെന്നും പരിഹാരം വേണമെന്നും അധ്യാപകന്‍ ആവശ്യപ്പെട്ടു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും കാര്യമായി ഒന്നും ചെയ്യുന്നിലെന്നും മന്ത്രിയെങ്കിലും ഇടപെടണമെന്നുമായിരുന്നു ആവശ്യം.
ദില്ലിയിലുള്ള തന്നെ വിളിച്ച് പരാതി അറിയിക്കാതെ മണ്ഡലത്തിലെ പ്രശ്നം സ്വന്തം എംഎല്‍എയോടോ ഉദ്യോഗസ്ഥരെയോ ബോധിപ്പിക്കെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ഇതോടെ കേന്ദ്രമന്ത്രിയോട് കുശാല്‍ പാട്ടീല്‍ കയര്‍ത്ത് സംസാരിച്ചു. ജനങ്ങള്‍ വോട്ട് ചെയ്താണ് അധികാരത്തിലേറിയതെന്ന് മറക്കരുതെന്ന് പറഞ്ഞ കുശാല്‍ പാട്ടീല്‍, ആദ്യം കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനെങ്കിലും തയാറാവണമെന്നും ചൂണ്ടികാട്ടി. പിന്നാലെ ഈ ഫോണ്‍ റെക്കോര്‍ഡ് സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുക്കയും ചെയ്തു.
ഇതോടെ ഓഡിയോ ക്ലിപ്പ് വൈറലായി. കേന്ദ്രമന്ത്രിയുമായുള്ള അധ്യാപകന്‍റെ ഫോണ്‍ സംഭാഷണം വലിയ ചര്‍ച്ചയായി. ഓഡിയോ പുറത്ത് വന്നതോടെ കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടാണ് വെളിച്ചെത്തുവന്നതെന്ന് കോണ്‍ഗ്രസ് അടക്കം ആരോപിച്ചു.വിവാദങ്ങള്‍ക്ക് വഴിമാറിയതോടെ അധ്യാപകനെതിരെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. പിന്നാലെ സ്സപെന്‍ഡ് ചെയ്ത് ഉത്തരവിറക്കി.
കര്‍ണാടക സിവില്‍ സര്‍വ്വീസ് ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടി. ജോലിയില്‍ ശ്രദ്ധിക്കാതെ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് സ്സപെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ കര്‍ഷകനായ അച്ഛന്‍റെയും ഗ്രാമത്തിലെ മറ്റ് കര്‍ഷകരുടെയും ബുദ്ധിമുട്ട് കണ്ടാണ് താന്‍ കേന്ദ്രമന്ത്രിയെ വിളിച്ചതെന്നും വിവാദത്തിന് ശ്രമിച്ചതല്ലെന്നും കുശാല്‍ പാട്ടീല്‍ പറയുന്നു.