തൃശൂര്‍: ബൈക്ക് മോഷ്ടിച്ചുകൊണ്ടു പോകവേ മോഷ്ടാവ് പൊലീസ് പിടിയില്‍. തൃശൂര്‍ നഗരത്തിലെ കൊക്കാലെയില്‍ കെട്ടിടത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കായിരുന്നു മോഷ്ടിച്ചത്.സ്റ്റാര്‍ട്ടായ ബൈക്ക് വഴിയില്‍ പണിമുടക്കി. ഇത് നന്നാക്കുന്നതിനിടയിലായിരുന്നു പൊലീസ് എത്തിയത്. കേടായ ബൈക്ക് യാത്രക്കാരനാണെന്ന് നന്നായി അഭിനയിച്ചു. എന്നാല്‍ പൊലീസിന്റെ സംശയത്തില്‍ മോഷണ കഥ അഴിഞ്ഞു.
നിസഹായനായി നില്‍ക്കുന്നത് കണ്ടപ്പോഴാണ് ജനമൈത്രി പൊലീസ് ഇടപ്പെട്ടത്. 'ബൈക്ക് സ്റ്റാര്‍ട്ടാകുന്നില്ല സര്‍. ശരിയാക്കാന്‍ ശ്രമിക്കാണ്. ഞാന്‍ തന്നെ ശരിയാക്കിക്കൊള്ളാം' എന്നായിരുന്നു പൊലീസ് വിവരം അന്വേഷിച്ചപ്പോള്‍ നല്‍കിയ മറുപടി. ബൈക്ക് ശരിയാക്കി സഹായിക്കാന്‍ പൊലീസ് ഒപ്പം കൂടി. താക്കോല്‍ ഓണാക്കത്തതിന്റെ പ്രശ്‌നമാകുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതിയത്.
നോക്കുമ്പോള്‍ താക്കോല്‍ ഇല്ല. എന്താണ് താക്കോല്‍ ഇല്ലാത്തതെന്ന് ചോദ്യം . യുവാവ് പരുങ്ങി. താക്കോല്‍ പോയതാണെന്ന് മറുപടിയും. ബൈക്ക് സ്റ്റാര്‍ട്ടാക്കുന്നത് തല്‍ക്കാലം പൊലീസ് നിര്‍ത്തി. ഒന്നിനു പുറകെ ഒന്നായി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
യുവാവിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതോടെ കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥര്‍ ബൈക്കിന്റെ നമ്പര്‍ പരിശോധിച്ച് ഉടമയുടെ പേരും വിലാസവും തിരിച്ചറിഞ്ഞു. യവാവ് പറഞ്ഞ മൊഴികളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് മോഷ്ടിച്ചതാണെന്ന് കള്ളന്‍ സമ്മതിച്ചു. കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി അമല്‍രാജായിരുന്നു ബൈക്ക് കള്ളന്‍.
തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ കെ.വി.ബിനു, എച്ച്.മുഹമ്മദ് റാഫി എന്നിവരായിരുന്നു കള്ളനെ പിടികൂടിയത്. കൃത്യസമയത്ത് ബുദ്ധിയോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ അഭിനന്ദിച്ചു.