'ഞങ്ങളും മനുഷ്യരാണ്; മരുന്ന് വാങ്ങാൻ പോലും കാശില്ല', ജീവിത പ്രതിസന്ധി തുറന്ന് പറഞ്ഞ് ആചാരസ്ഥാനികര്‍

 


കണ്ണൂര്‍: ഞങ്ങളും മനുഷ്യരാണ് ഞങ്ങള്‍ക്കും ജീവിക്കണം. വിശപ്പും ദാഹവും അസുഖവും സങ്കടങ്ങളുമുണ്ട്. സാധാരണമനുഷ്യരെ ദൈവിക ശക്തിയോട് അടുപ്പിച്ചു നിര്‍ത്തുന്ന തെയ്യ കോലധികാരികളുടെയും ആചാര സ്ഥാനികരുടെയും വാക്കുകളാണിത്. ഇവര്‍ ഇതു വെറുതെ പറയുന്നതല്ല. ഉള്ളില്‍ നിന്നുയരുന്നവേദന കൊണ്ടാണ് ഈ തുറന്നു പറച്ചില്‍. സര്‍ക്കാര്‍ സാമ്പത്തികസഹായമില്ലാതെ ജീവിതദുരിതത്തിന്റെ പിടിയില്‍ വടക്കെ മലബാറിലെ നൂറുകണക്കിന് ആചാരസ്ഥാനികരും കോലധികാരികളും.

സര്‍ക്കാര്‍ അവഗണന കാരണം മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ക്ഷേത്രങ്ങളിലും കാവുകളിലും ജീവിതം തള്ളിനീക്കുന്ന ആചാരസ്ഥാനികരാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. സമൂഹത്തില്‍ ഏറ്റവും കഷ്ടതയനുഭവിക്കുന്ന ആചാരസ്ഥാനികര്‍ക്ക തുച്ഛമായ സഹായധനം സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്. ഇതാണ് ആചാരസ്ഥാനികരെയും കോലധികാരികളെയും ദുരിതത്തിലാക്കിയിരിക്കുന്നത്. മേട മാസം കഴിഞ്ഞാല്‍ പിന്നീട് കാവുകളിലെ ചിലമ്പൊലി നില്‍ക്കുമ്പോള്‍ ഇവരുടെ ജീവിതം തീര്‍ത്തും ദുരിതമയമാണെന്നും സര്‍ക്കാര്‍ സഹായമില്ലാതെ പിടിച്ചു നില്‍ക്കാവനാവില്ലെന്നും ഇവര്‍ പറയുന്നു.

ര്‍ക്കാര്‍ അനുവദിച്ച സഹായധനം കുടിശ്ശിക ഓണത്തിന്മുന്‍പേ മുഴുവന്‍ നല്‍കണമെന്നാവശ്യപ്പെട്ട് വാണിയസമുദായ സമിതി സംസ്ഥാന കമ്മിറ്റിയും മുച്ചിലോട്ട് ക്ഷേത്ര കൂട്ടായ്മയും സംയുക്തമായി പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ 29ന് തലശേരി മലബാര്‍ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണറുടെ ഓഫിസിന് മുന്‍പില്‍ നടത്തുന്ന ധര്‍ണാസമരം വാണിയസമുദായസമിതി സംസ്ഥാന അധ്യക്ഷന്‍ വി.വിജയന്‍ ഉദ്ഘാടനം ചെയ്യും. ആചാരസ്ഥാനികരായ കാവിലച്ചന്‍ ചന്ദ്രന്‍ കോമരം, കടന്നപ്പള്ളി ഗോവിന്ദന്‍ കോമരം, സജീവന്‍ കോമരം കോലാവ്, പൊതുപ്രവര്‍ത്തകരായ രാജീവന്‍ എളയാവൂര്‍, വെള്ളോറ രാജന്‍, പി.സത്യപ്രകാശന്‍, കെ.സി രാഘവന്‍ എന്നിവര്‍ പ്രസംഗിക്കും.

വാണിയസമുദായ സമിതിയുടെ പരിശ്രമത്തിന്റെ ഭാഗമായി നേടിയെടുത്ത മാസം തോറും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനംപോലും നിഷേധിക്കുകയാണെന്ന് കടന്നപ്പള്ളി ഗോവിന്ദന്‍ കോമരം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഇതുകാരണം മരുന്ന് പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ക്ഷേത്രാചരങ്ങള്‍ സംരക്ഷിക്കുന്നതിനായി മുഴുവന്‍ സമയവും ചെലവഴിക്കുന്ന ആചാരസ്ഥാനികരും കോലധാരികളും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ വാണിയസമുദായ സമിതി സംസ്ഥാന അധ്യക്ഷന്‍വി.വിജയന്‍, മുച്ചിലോട്ട് ഭഗവതിക്ഷേത്രകൂട്ടായ്മ സെക്രട്ടറി കെ.കെ സുരേശന്‍, പി.വി പ്രേമചന്ദ്രന്‍, എം.ബാബു എന്നിവര്‍ പങ്കെടുത്തു.

أحدث أقدم