നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം കഠിനതടവ്

 


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസില്‍ ജീവപര്യന്തം കഠിനതടവും പിഴയും. പത്തനംതിട്ട മൈലാപ്ര സ്വദേശി സനൽ കുമാറിനെയാണ് (45) തടവിന് ശിക്ഷിച്ചിരിക്കുന്നത്. കഠിനതടവിന് പുറമെ 1,25,000 രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.

2013ലാണ് കേസിനാസ്പദമായ സംഭവം. പതിനാലുകാരിയെ എറണാകുളത്ത് നിന്ന് തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്ജിൽ എത്തിച്ച് നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ കേസെടുത്ത കളമശേരി പോലീസ് നാല് ദിവസത്തിന് ശേഷം ഇയാളെ പിടികൂടുകയായിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നാലെ ഒളിവിൽ പോയി.

വീണ്ടും ഒരു വിവാഹത്തട്ടിപ്പ് കേസിൽ റിമാൻഡിലിരിക്കെയാണ് സനൽ കുമാർ പൾസർ സുനിയെ പരിചയപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ദിലീപിനെ വിളിച്ച മൊബൈൽ ഫോൺ ഒളിപ്പിക്കാൻ സഹായിച്ചത് ഈ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. പ്രതിയുടെ വീട്ടിൽ നിന്ന് ഈ മൊബൈൽഫോൺ കണ്ടെത്തിയതോടെ നടിയെ അക്രമിച്ച കേസിൽ ഒമ്പതാം പ്രതിയായി.

നടിയെ അക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയെങ്കിലും 2019ൽ വീണ്ടും അറസ്റ്റ് ചെയ്തു. പോക്സോ കേസിൽ കോടതിയിൽ നിന്നുള്ള വാറന്‍റിനെത്തുടർന്ന് വിചാരണയ്ക്ക് ഹാജരാക്കുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് 10 വർഷം കഠിനതടവും 25,000 രൂപ പിഴയും, ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

Previous Post Next Post