തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കെ റെയിൽ സിൽവർലൈൻ പദ്ധതിയുടെ ഭാവി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രാനുമതി ഇല്ലാതെ പദ്ധതിയുമായി മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കെ റെയിൽ അടക്കമുള്ള സുപ്രധാന വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വലിയ പരാജയത്തിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ എന്നതാണ് ശ്രദ്ധേയം. കേന്ദ്രസര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാണെന്നും കേന്ദ്രാനുമതിയില്ലാതെ സിൽവര്‍ലൈൻ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. കേന്ദ്രസര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചാൽ മാത്രമേ മുന്നോട്ടു പോകാനാകൂ. എന്നാൽ പദ്ധഥിയ്ക്കെതിരെ വലിയ എതിര്‍പ്പുകള്‍ വരുമ്പോള്‍ അവര്‍ ശങ്കിച്ചു നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിളപ്പിൽശാലയിൽ നവകേരള വികസന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ പുതിയ ഗ്രീൻഫീൽഡ് റെയിൽപാത നിര്‍മിക്കാനും നാലു മണിക്കൂര്‍ കൊണ്ട് കേരളത്തിൻ്റെ വടക്കുമുതൽ തെക്കുവരെ യാത്ര സാധ്യമാക്കാനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 60000 കോടി രൂപയോളം ചെലവു വരുന്ന പദ്ധതിയ്ക്കായി കിഫ്ബി ഫണ്ടും വിദേശവായ്പകളും ആശ്രയിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാരിനും ഇന്ത്യൻ റെയിൽവേയ്ക്കും പങ്കാളിത്തമുള്ള കെ - റെയിൽ കോര്‍പ്പറേഷനാണ് സിൽവര്‍ലൈൻ പദ്ധതിയ്ക്ക് ചുക്കാൻ പിടിക്കുന്നത്.
എന്നാൽ പദ്ധതിയുടെ ഭൂമിയേറ്റെടുപ്പും പാരിസ്ഥിതിക വിഷയങ്ങളും ചൂണ്ടിക്കാട്ടി കടുത്ത പ്രതിഷേധത്തിലാണ് യുഡിഎഫും ബിജെപിയും. സിൽവര്‍ലൈൻ പദ്ധതി സംസ്ഥാനത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കുമെന്നാണ് പ്രതിപക്ഷത്തിൻ്റെ വാദം. എന്നാൽ കേരളത്തിൻ്റെ വികസനത്തിന് സിൽവര്‍ലൈൻ പദ്ധതി അത്യന്താപേക്ഷിതമാണെന്നാണ് സിപിഎം വാദിക്കുന്നത്.
സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നപ്പാക്കുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് പ്രതിപക്ഷം ഭയപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിൻ്റേത് സങ്കുചിത നിലപാടാണ്. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും പ്രതിപക്ഷത്തിൻ്റെ ഉദ്ദേശം തുറന്നു കാട്ടണമെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.
കഴിഞ്ഞ മാസം നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിര്‍ത്തിയ യുഡിഎഫ് എൽഡിഎഫിനെതിരെ വലിയ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. യുഡിഎഫിൻ്റെ വിജയം കെ റെയിൽ പദ്ധതിയ്ക്കെതിരായ ജനവിധിയാണെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ പ്രതികരണം. കെ-റെയിൽ അടക്കമുള്ള വികസന പദ്ധതികളായിരുന്നു സിപിഎം പ്രചാരണത്തിൽ ഉയര്‍ത്തിടിച്ചതും. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നായിരുന്നു ഫലം വന്ന ശേഷവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രതികരണം